കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി മമത ബാനർജിക്ക് വിജയം. 58,832 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമതയ്ക്ക് ലഭിച്ചത്. എതിർ സ്ഥാനാർഥി ബിജെപിയുടെ പ്രിയങ്ക ടിബ്രവാളിന് 26,320 വോട്ടുകളാണ് നേടാൻ കഴിഞ്ഞത്. ഭൂരിപക്ഷത്തിൽ സ്വന്തം റെക്കോർഡാണ് മമത മറികടന്നത്. 2011 ൽ 52,213 വോട്ടിന്റെയും 2016 ൽ 25,301 വോട്ടിന്റെയും ഭൂരിപക്ഷമാണ് നേടിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മത്സരിച്ച് പരാജയപ്പെട്ട മമതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ ഭവാനിപൂരിലെ വിജയം അനിവാര്യമായിരുന്നു. തൃണമൂൽ വിട്ട് ബിജെപിയിൽ എത്തിയ നേതാവാണ് സുവേന്ദു. വ്യാഴാഴ്ചയാണ് ഭവാനിപൂരിൽ വോട്ടെടടുപ്പ് നടന്നത്. തൃണമൂൽ – ബിജെപി സംഘർഷം പലസ്ഥലത്തും നടന്നിരുന്നു.
അതിനിടെ ബിജെപി സ്ഥാനാർഥി പ്രിയങ്ക ടിബ്രവാൾ പരാജയം സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. താൻ കോടതിയിൽ പോകില്ല. ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് മമത വിജയിക്കുമെന്നാണ് അവർ പറഞ്ഞിരുന്നത്. എന്നാൽ 50,000ത്തിലധികം വോട്ടുകൾ മാത്രമാണ് അവർക്ക് ലഭിച്ചത്. മമതയെ അഭിനന്ദിക്കുന്നു. എന്നാൽ അവർ തിരഞ്ഞെടുപ്പ് വിജയിച്ചത് എങ്ങനെയാണെന്ന് എല്ലാവരും കണ്ടതാണെന്നും ടിബ്രവാൾ പറഞ്ഞു.
അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ചുകൊണ്ടാണ് മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ ഭരണം നിലനിർത്തിയത്. ഭരണം പിടിക്കാൻ സർവ സന്നാഹവുമായി എത്തിയ ബി.ജെ.പിയെ തടഞ്ഞ് ഇരുന്നൂറിലേറെ സീറ്റുമായാണ് തൃണമൂൽ ഹാട്രിക് ജയം ആഘോഷിച്ചത്. എന്നാൽ, ഈ ചരിത്രജയത്തിനിടയിലും പാർട്ടിക്ക് തിരിച്ചടിയായിരുന്നു നന്ദിഗ്രാമിലെ അന്നത്തെ മമത ബാനർജിയുടെ തോൽവി. പാർട്ടിയിലെ തന്റെ പഴയ വലംകൈയായിരുന്ന സുവേന്ദു അധികാരിയോടായിരുന്നു നന്ദിഗ്രാമിൽ മമതയുടെ അപ്രതീക്ഷിത തോൽവി.
2011ൽ നന്ദിഗ്രാമിൽ തുടങ്ങിയ കർഷക പ്രക്ഷോഭമാണ് അക്ഷരാർഥത്തിൽ ഇടതു സർക്കാരിനെ മറിച്ചിട്ട് മമതയെ ഭരണത്തിൽ അവരോധിച്ചത്. നേരത്തെ സി.പി.ഐയുടെ സീറ്റായിരുന്ന ഇവിടെ 2009 മുതൽ തൃണമൂലാണ് ജയിച്ചുവരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സുവേന്ദു അധികാരി 81,230 വോട്ടിനാണ് ഇവിടെ നിന്നു ജയിച്ചത്. അന്നിവിടെ ബി.ജെ.പി സ്ഥാനാർഥിക്ക് പതിനായിരം വോട്ട് മാത്രമായിരുന്നു കിട്ടിയത്. അധികാരി പിന്നീട് മമതയുമായി തെറ്റിപ്പിരിഞ്ഞ് ബി.ജെ.പിയിൽ ചേർന്നു.
സുവേന്ദുവിന് ചുട്ടമറുപടി കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മമത നന്ദിഗ്രാമിന്റെ വെല്ലുവിളി സ്വയം ഏറ്റെടുത്തത്. എന്നാൽ, അത് ഫലിച്ചില്ല. എന്നാൽ തൊട്ടുപിന്നാലെ നടന്ന ഭവാനിപൂർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കാൻ മമതയ്ക്ക് കഴിഞ്ഞു.