മുംബൈ:വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്തതിനാല്‍ മുന്‍നിര നായകന്‍മാര്‍ തനിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചുവെന്ന് നടി മല്ലിക ഷെരാവത്ത്. സിനിമയിലെ കാസ്റ്റിങ് കൗച്ച് യാഥാര്‍ഥ്യമാണെന്നും അത് തന്റെ കരിയറിനെ ദോഷമായി ബാധിച്ചുവെന്നും മല്ലിക പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ വെളിപ്പെടുത്തല്‍.
എ-ലിസ്റ്റര്‍ നടന്‍മാര്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറായിരുന്നില്ല. കാരണം ഞാന്‍ വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല. അവര്‍ക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്ന നടിമാര്‍ക്കൊപ്പം മാത്രമേ അവര്‍ അഭിനയിക്കൂ. ഒരു നായകന്‍ നിങ്ങളെ രാവിലെ മൂന്ന് മണിക്ക് വിളിച്ച് വീട്ടിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ക്ക് പോകേണ്ടി വരും. നിങ്ങള്‍ പോയില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും- മല്ലിക കൂട്ടിച്ചേര്‍ത്തു.
2003 ലെ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക അരങ്ങേറ്റം കുറിച്ചത്. 2004 ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. മികച്ച നടിക്കുള്ള സീ സിനി പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിന് മല്ലികക്ക് ലഭിച്ചു. ബോക്‌സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അത്.
ജാക്കിച്ചാന്‍ നായകനായ ‘മിത്ത്’ എന്ന ഹോളിവുഡ് ചിത്രത്തിലും മല്ലിക അഭിനയിച്ചു. 2006 ലെ ‘പ്യാര്‍ കെ സൈഡ് ഇഫക്ട്‌സ്’ എന്ന ചിത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മല്ലികയെ ഏഷ്യയിലെ 100 സുന്ദരികളില്‍ ഒന്നായി ഹോങ്കോംഗിലെ ഒരു ഫാഷന്‍ മാഗസിന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. രജത് കപൂര്‍ നായകനായ ആര്‍കെ/ ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്.