കൊച്ചി: ഇസ്രായേലില്‍ കുടുങ്ങിപ്പോയ മലയാളി തീര്‍ത്ഥാടകരുടെ ആദ്യ സംഘം കൊച്ചിയില്‍ തിരിച്ചെത്തി. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച മൂന്നരയോടെയാണ് വിമാനം എത്തിച്ചേര്‍ന്നത്.
ആലുവയില്‍ നിന്നുള്ള 48 പേര്‍ അടങ്ങുന്ന സംഘമായിരുന്നു ഇസ്രായേലില്‍ നിന്ന് ഇന്ന് തിരിച്ചെത്തിയത്.
ജോര്‍ദാൻ സന്ദര്‍ശനത്തിനു ശേഷം സംഘം ഇസ്രായേലില്‍ മൂന്ന് ദിവസം തങ്ങി. ഇസ്രായേലിലെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കിയ ശേഷം റോഡ് മാര്‍ഗം അവിടെ നിന്ന് തിരിക്കാനിരുന്നപ്പോഴാണ് സൈന്യം റോഡുകള്‍ ഉപരോധിച്ചത്. ഇസ്രായേലിലെ റോക്കറ്റ് വര്‍ഷം നേരിട്ടു കണ്ടെന്നും ഈജിപ്ത് വഴിയാണ് രക്ഷപ്പെട്ടതെന്നും സംഘം പ്രതികരിച്ചു.
ശനിയാഴ്ച്ച പുലര്‍ച്ചെ നടന്ന യുദ്ധ സാഹചര്യങ്ങളെപ്പറ്റി അറിയാമായിരുന്നെങ്കിലും മറ്റൊരു റോഡ് മാര്‍ഗം രാജ്യത്തിനു പുറത്തെത്തിക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞിരുന്നതായി സംഘം വെളിപ്പെടുത്തി. എന്നാല്‍ അവിടെയുള്ള ചെക്ക് പോയിന്റ് അടച്ചു പൂട്ടിയിരുന്നതിനാല്‍ തിരികെ പോരേണ്ടി വന്നു. അതേ സമയം ട്രാവല്‍ ഏജന്റ് ഉടൻ തന്നെ താമസ സൗകര്യമൊരുക്കി. പിന്നെ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും യാത്രക്കാര്‍ പറഞ്ഞു.
സംഘര്‍ഷ മേഖലയായ തബ അതിര്‍ത്തിയിലൂടെയാണ് സംഘത്തെ കെയ്റോയിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്കയും വിവരങ്ങള്‍ അറിയാനായി ബന്ധപ്പെട്ടിരുന്നു. ഇസ്രായേലിന് സ്വന്തമായി ഒരു സംവിധാനമുണ്ടെന്നും വിനോദ സഞ്ചാരികള്‍ അവിടെ സുരക്ഷിതരായിരുന്നത് അതു കൊണ്ടാണെന്നും യാത്രക്കാരിലൊരാള്‍ കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിലെ ഇന്ത്യൻ എംബസി മുഴുവൻ സമയവും തങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഈജിപ്തില്‍ എത്തുന്നതുവരെ തങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും യാത്രക്കാര്‍ പറഞ്ഞു. ദൈവാനുദ്രഹവും പലരുടെയും സഹായവും കൊണ്ടാണ് സുരക്ഷിതമായി വീട്ടിലെത്താൻ സാധിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബദ്ലഹേമില്‍ കാര്യമായ പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഗാസയാണ് ഏറ്റവും അപകടകമായ മേഖലയെന്നും സംഘത്തിലെ ഒരാള്‍ പറഞ്ഞു. അവിടെ കുടുങ്ങിപ്പോയപ്പോള്‍ താമസിച്ച ഹോട്ടലില്‍ ഇരുന്നാല്‍ മിസൈല്‍ വരുന്നതും പോകുന്നതും എല്ലാം കാണാമായിരുന്നുവെന്നും യാത്രക്കാരില്‍ ഒരാള്‍ കൂട്ടിച്ചേര്‍ത്തു.