തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിനു പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജിനു താഴെ പ്രതിഷേധവും അഭിപ്രായങ്ങളുമായി മലയാളികള്‍. വെള്ളം എടുത്തോളൂ, ജീവന്‍ എടുക്കരുത്…, സര്‍ പ്ലീസ് സഹായിക്കണം, മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം,.. #DecommisionMullaperiyarDam, #savemullaperiyar, #SaveKerala..’ ഇങ്ങനെ പോകുന്നു അഭിപ്രായങ്ങള്‍.
സ്റ്റാലിന് ഏറെ ആരാധകരുള്ള കേരളത്തില്‍നിന്നുള്ള ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണം എന്നാണ് പറയുന്നത്. തമിഴ്‌നാടിന് വെള്ളം തരാന്‍ മടിയില്ലെന്നും പക്ഷേ, അപകടം നിറഞ്ഞ ഡാം സുരക്ഷിതമാണെന്ന വാദം ഉപേക്ഷിക്കണമെന്നും പുതിയ ഡാം നിര്‍മിക്കുന്നതിനെ ഏതിര്‍ക്കരുതെന്നും കമന്റുകളുണ്ട്.
ഇതിനോടകം വലിയ ക്യാംപെയിനാണ് മുല്ലപ്പെരിയാറിനു വേണ്ടി സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകര്‍ച്ചാ സാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതും ചര്‍ച്ചയാകുന്നുണ്ട്. 1895ല്‍ അണക്കെട്ട് നിര്‍മിക്കുമ്പോള്‍ 50 വര്‍ഷത്തെ ആയുസാണ് നിശ്ചയിച്ചിരുന്നത്. അണക്കെട്ടിന്റെ ബലക്ഷയത്തെത്തുടര്‍ന്ന് ഡീ കമ്മിഷന്‍ ചെയ്യാന്‍ നീക്കം നടന്നു. എന്നാല്‍, ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കം ഇപ്പോഴും തുടരുകയാണ്.
ഇപ്പോഴുള്ള അണക്കെട്ട് ബലമുള്ളതാണെന്നും ജലനിരപ്പ് 142ല്‍ നിന്ന് 152 അടിയാക്കി ഉയര്‍ത്തണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം. ജലനിരപ്പ് ഉയര്‍ത്താനായി ബേബി ഡാം ബലപ്പെടുത്താന്‍ തമിഴ്‌നാട് തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ കേരളം തടസം സൃഷ്ടിക്കുകയാണെന്നാണ് അവരുടെ വാദം. പുതിയ അണക്കെട്ട് വേണമെങ്കില്‍ ഇരു സംസ്ഥാനങ്ങളും യോജിച്ച് മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് കോടതി നിര്‍ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നേരത്തെ ജലനിരപ്പ് 133.45 അടി എത്തിയപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക അറിയിച്ചിരുന്നു. നിലവിലെ നീരൊഴുക്കും മഴ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ജലനിരപ്പ് 142 അടിയിലേക്ക് എത്താല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളം തമിഴ്നാട്ടിലെ വൈഗാ അണക്കെട്ടിലേക്ക് കൊണ്ടുപോകണമെന്നും അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മൂമ്പ് കേരളത്തെ അറിയിക്കണമെന്നും കത്തില്‍ കേരളം ആവശ്യപ്പെട്ടു.
142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ അനുവദനീയമായ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്നും സ്പിൽവേയിലൂടെ വെള്ളം തുറന്ന് വിടണമെന്നും കേരളം നേരത്തെ തമിഴ്നാടിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കാണിച്ച് കേന്ദ്രസർക്കാരിനും കത്തയച്ചിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ പട്ടികയും ദുരിതാശ്വാസ ക്യാന്പുകളും കണ്ടെത്തി കേരളം സജ്ജമാണെന്നാണ് ജലവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചത്.