കൊച്ചി: തമിഴ്നാട്ടില്‍ മലയാളി യാത്രക്കാര്‍ക്ക് നേരേയുണ്ടായ ആക്രമണത്തില്‍ നാല് പേരെ പോലീസ് പിടികൂടി. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ വിഷ്ണു, രമേഷ് ബാബു, അജയകുമാര്‍, ശിവദാസ് എന്നിവരാണ് പിടിയിലാത്. ഹവാല ഇടപാടില്‍ വാഹനം മാറി അക്രമിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കസ്റ്റഡിയിലെടുത്തവരില്‍ വിഷ്ണു മദ്രാസ് റെജിമെന്റ് 21-ാം ബെറ്റാലിയനിലെ സൈനികനാണ്. ഏപ്രില്‍ നാലിന് അവധിക്ക് നാട്ടിലെത്തിയ ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നില്ല.
കുഴല്‍പണമുണ്ടെന്ന് ധാരണയില്‍ വാഹനം മാറി ആക്രമിക്കുകയായിരുന്നുവെന്നാണ് പേലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ നിഗമനം. സൈനികന്‍ ഇതില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നതില്‍ വ്യക്തതയില്ല. ഇയാളുടെ പേരില്‍ മറ്റു കേസുകളില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. കേസില്‍ പത്തിലധികം പേര്‍ നേരിട്ട് പങ്കെടുത്തതായാണ് വിവരം. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊച്ചി-സേലം ദേശീയപാതയില്‍ കോയമ്പത്തൂരിനടുത്താണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ യുവാക്കള്‍ക്കുനേരേ ആക്രമണമുണ്ടായത്. മൂന്ന് കാറുകളിലായെത്തിയ അക്രമിസംഘം യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും യുവാക്കള്‍ പുറത്തുവിട്ടിരുന്നു.
മുഖംമറച്ചെത്തിയ അക്രമിസംഘം വാഹനം തടഞ്ഞുനിര്‍ത്തി ആയുധങ്ങളുമായി ഭീഷണിപ്പെടുത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഇതോടെ യുവാക്കള്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുത്താണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് മീറ്ററുകള്‍ക്ക് അകലെയുണ്ടായിരുന്ന തമിഴ്നാട് പോലീസ് സംഘത്തെ വിവരമറിയിക്കുകയുംചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് നാട്ടിലെ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കാന്‍ പോയപ്പോള്‍ മോശം സമീപനമാണുണ്ടായതെന്നും യുവാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.