ഇടുക്കി: ഝാര്‍ഖണ്ഡില്‍ ബന്ദികളാക്കപ്പെട്ട മലയാളി ബസ് ജീവനക്കാരെ മോചിപ്പിച്ചു. കട്ടപ്പനയില്‍നിന്ന് അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കുന്നതിനും പിന്നീട് തിരിച്ചു കൊണ്ടുവരുന്നതിനും ഝാര്‍ഖണ്ഡിലേക്ക് പോയ ബസിലെ രണ്ട് ജീവനക്കാരെയാണ് ഗ്രാമവാസികള്‍ ബന്ധികളാക്കിയത്. ഝാര്‍ഖണ്ഡ് പോലീസ് ഇടപെട്ടുവെങ്കിലും ബസ് വിട്ടുനല്‍കാന്‍ ഗ്രാമവാസികള്‍ തയ്യാറായില്ല. ഝാര്‍ഖണ്ഡില്‍നിന്ന് തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രാമവാസികള്‍ ബസ് തടഞ്ഞുവച്ചത്.
നേരത്തെ ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക നല്‍കാനുള്ളതിന്റെ പേരിലാണ് ബസ് തൊഴിലാളികളെ തടഞ്ഞുവച്ചത് എന്നാണ് വിവരം. ബസ് ഉടമയോ ജീവനക്കാരോ അല്ല ഇവര്‍ക്ക് പണം നല്‍കാനുള്ളത്. എന്നാല്‍, ബസ് തടഞ്ഞുവച്ച ഗ്രാമവാസികള്‍ മോചന ദ്രവ്യമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഇടുക്കി സ്വദേശികളായ അനീഷ്, ഷാജി എന്നിവരാണ് ബസില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും നടപടി ഉണ്ടായില്ല.
തുടര്‍ന്ന് കേരള പോലീസ് ഝാര്‍ഖണ്ഡ് പോലീസുമായി ബന്ധപ്പെട്ടാണ് ജീവനക്കാരുടെ മോചനം സാധ്യമായത്. എന്നാല്‍ ബസ് വിട്ടയച്ചിട്ടില്ല. തോട്ടത്തില്‍ ജോലിക്കായി അതിഥി തൊഴിലാളികളെ എത്തിക്കാനാണ് ബസ് ഝാര്‍ഖണ്ഡിലേക്ക് പോയത്. ബസ് വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കട്ടപ്പന സ്വദേശി സാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബസ്.