കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ നടപടിയെടുക്കുന്ന കാര്യത്തില്‍ അമ്മയില്‍ തര്‍ക്കം തുടരവേ വെളിപ്പെടുത്തലുമായി മാല പാര്‍വതി. സിദ്ദിഖും ഇടവേള ബാബുവും ഐസിസിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന തരത്തിലാണ് സംസാരിച്ചതെന്ന് നടി പറയുന്നു. തനിക്ക് അമ്മയില്‍ ഇനി പ്രതീക്ഷയില്ലെന്നും മാലാ പാര്‍വതി വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസി നല്‍കിയ ശുപാര്‍ശകള്‍ അതേ പോലെ പാലിച്ചു എന്ന രചന നാരായണന്‍കുട്ടിയുടെ വാദത്തെയും മാലാ പാര്‍വതി ശക്തമായി എതിര്‍ത്തു. ഈ ഘട്ടത്തിലാണ് സിദിഖും ഇടവേള ബാബുവും നടപടിയെടുക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്നതായി നടി പറഞ്ഞത്.
രചന നാരായണന്‍കുട്ടി പ്രതികരണത്തില്‍, എന്താണോ ഐസിസി നല്‍കിയ ശുപാര്‍ശ അതുമാത്രമാണ് അമ്മ ചെയ്തത് എന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അമ്മ ഐസിസിയെ നോക്കുകുത്തിയാക്കിയില്ല എന്നാണ്. ഞങ്ങള്‍ എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. അതിന്ുള്ള മറുപടിയാണ് ഇപ്പോള്‍ നല്‍കുന്നത്. ഒളിവിലുള്ള ഒരാളുടെ കത്ത് വാങ്ങി അവരെ ഒഴിവാക്കണം എന്ന് ഐസിസിക്ക് നിര്‍ദേശം നല്‍കാനാവുമോ? നമ്മള്‍ ഗോപ്യമായി വെക്കേണ്ടത് ആ പെണ്‍കുട്ടിയുടെ രക്ഷ എന്നതല്ലേ? നമുക്ക് പ രാതിയൊന്നും വന്നിട്ടില്ല. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തി എന്നത് ഒരു കുറ്റകൃത്യമാണ് എന്ന ബോധ്യത്താല്‍ നമ്മള്‍ സ്വമേധയാ മീറ്റിങ് വിളിച്ച് കൂട്ടി ശുപാര്‍ശ കൊടുത്തത്.
രചനയും അഡ്വ അനഘയും ഐസിസിയോട് ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പ റയുമ്പോള്‍ അത് മനസ്സിലാകുന്നില്ലെന്നും മാലാ പാര്‍വതി പറഞ്ഞു. 26ന് വൈകീട്ടാണ് കുറ്റകൃത്യം നടക്കുന്നത്. പിന്നാലെ പെണ്‍കുട്ടിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തുന്നു. ഒന്നാം തിയതി എക്‌സിക്യൂട്ടീവ് കമ്മിറ്റി നടക്കുമ്പോള്‍ സ്വമേധയം അദ്ദേഹം കത്തയക്കുന്നു. അതും ഒളിവില്‍ ഇരിക്കുന്ന ഒരാള്‍ കമ്മിറ്റിയുണ്ടെന്ന് അറിഞ്ഞ്, കൃത്യമായി കത്തയക്കുന്നതെങ്ങനെയാണ്. ഇതൊക്കെ ആരോടാണ് പറയുക. ദിലീപിന്റെ കേസ് നടക്കുമ്പോള്‍ ബൈലോ ഒന്നും ഇത്ര ശക്തമായിരുന്നില്ല. ഒരു കുടുംബം പോലെ നടന്നിരുന്ന സ്‌നേഹ സൗഹൃദ ക്ലബ് പോലെയായിരുന്നു മുമ്പ് അമ്മ. അതുകൊണ്ട് കുറ്റകൃത്യങ്ങളൊന്നും നടക്കുമെന്ന് അവര്‍ കരുതിയിരുന്നില്ലെന്ന് മാലാ പാര്‍വതി പറഞ്ഞു.
ദിലീപ് കേസിന് പിന്നാലെ എല്ലാ പുനക്രമീകരിക്കേണ്ടി വന്നു. ഇന്നത്തെ അമ്മയുടെ ബൈലോ ശക്തമാണ്. എല്ലാ കാര്യത്തെ കുറിച്ചും അമ്മയില്‍ വ്യക്തമായ ഘടനയുണ്ട്. ഐസിസിയില്‍ ഞാന്‍ ഇല്ലായിരുന്നെങ്കില്‍ അമ്മയിലെ സാധാരണ അംഗം മാത്രമായി മാറുമായിരുന്നു ഞാന്‍. അമ്മയിലേക്ക് ഞാന്‍ പോവുക പോലും ഇല്ലായിരുന്നു. എന്നാല്‍ ഐസിസിയില്‍ ഉള്ളപ്പോള്‍ അതൊരു ഉത്തരവാദിത്തമാണ്. സിദ്ദിഖും ഇടവേള ബാബുവും വിജയ് ബാബുവിനെതിരെ നടപടിയെടുക്കുന്നതിനെ ശക്തമായി എതിര്‍ത്തവരാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് കേട്ടറിവ് മാത്രമാണ് ഉള്ളത്. ഐസിസിയെ കുറിച്ച്, അവര്‍ക്ക് എന്ത് കാര്യം എന്നാണ് നടന്‍ സിദ്ദിഖ് ചോദിച്ചതെന്ന് മാലാ പാര്‍വതി വ്യക്തമാക്കി.
വിജയ് ബാബുവിനെതിരെ അത്തരം നടപടികളൊന്നും ഇപ്പോള്‍ വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. സിദ്ദീഖിന് ഇഷ്ടമുള്ളവരെ സംരക്ഷിക്കും എന്ന നിലപാടാണ് അതില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പല ഘട്ടങ്ങളിലും ശ്വേതയും ഞാനും അടക്കമുള്ളവര്‍ കമ്മിറ്റി കൂടുമ്പോള്‍ എതിര്‍പ്പുകള്‍ ശക്തമായിരുന്നു. നടപടി എടുക്കണം എന്ന നിലപാടിലായിരുന്നു ഞങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നമുക്ക് അത് കൂടേണ്ടതില്ല എന്ന് പലരും പറഞ്ഞിരുന്നു. ആ സമയം സിദ്ദിഖ് അമ്മയുടെ ഓഫീസില്‍ ഉണ്ടായിരുന്നു. എന്ന് ഞങ്ങള്‍ അറിയാനിടയായി. ഐസിസിക്ക് ഇതില്‍ റോള്‍ ഒന്നും തന്നെയില്ല. പരാതി വന്നിട്ടില്ല എന്നൊക്കെയാണ് സിദ്ദിഖ് പറഞ്ഞത്.
അമ്മയുടെ ഓഫീസില്‍ വെച്ചല്ല എന്നായിരുന്നു ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ആദ്യം മുതലേ പറഞ്ഞതെന്നും മാലാ പാര്‍വതി പറഞ്ഞു. അതേസമയം ബാബുരാജിനെ വിഷയത്തില്‍ നടി അഭിനന്ദിച്ചത്. ബാബുരാജ് മാത്രമാണ് വിഷയത്തില്‍ പിന്തുണ നല്‍കിയത്. എന്തെങ്കിലും നടപടിയുണ്ടാവാന്‍ കാരണം. നടപടിയെടുത്തില്ലെങ്കില്‍ രാജിവെക്കും എന്ന് വരെ ബാബുരാജ് പറഞ്ഞു. അമ്മയുടെ നിലപാടില്‍ മാറ്റം വരുമോ എന്ന് ക്ഷമയോടെ നോക്കിയവരാണ് ശ്വേത മേനോനും കുക്കു പരമേശ്വരനും. അമ്മയോട് വലിയ സ്‌നേഹമുള്ളവരാണ് ഇരുവരും. അതിനാല്‍ തന്നെ അമ്മയെ തിരുത്താന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. ഞാന്‍ അത്രത്തോളം അമ്മയുമായി ഇടപെട്ടിട്ടില്ല.
സിദ്ദിഖില്‍ നിന്നും ഹാപ്പി സര്‍ദാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോശം അനുഭവമുണ്ടായിട്ടുള്ളത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ കാരണം എനിക്ക് സങ്കടപ്പെടേണ്ടി വന്നിട്ടുണ്ട്. അവരൊക്കെ അമ്മയില്‍ തന്നെയുള്ളപ്പോള്‍ എനിക്ക് വലിയ പ്രതീക്ഷയില്ലെന്നും മാലാ പാര്‍വതി പറഞ്ഞു. അതേസമയം മണിയന്‍പ്പിള്ള രാജുവിന്റെ പരാമര്‍ശത്തിനെതിരെ ബാബുരാജ് രൂക്ഷമായി പ്രതികരിച്ചിരുന്നു. അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല എന്ന് തെളിയിക്കാന്‍ മാലാ പാര്‍വതിയുടെ രാജിക്കായി. സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ വേറെ സംഘടനയുണ്ടല്ലോ എന്ന് രാജു പറഞ്ഞത് തെറ്റാണ്. ഡബ്ല്യുസിസി ആണെങ്കില്‍ അവര്‍ പറഞ്ഞത് തെറ്റായിപ്പോയി എന്നും ബാബുരാജ് പറഞ്ഞു. നേരത്തെ വിഷയത്തില്‍ ശ്വേതയും കുക്കു പരമേശ്വരനും രാജിവെച്ചിരുന്നു.