ചെന്നൈ: അഖിലേന്ത്യാ മഹിളാ കോൺഗ്രസ് തമിഴ്‌നാട് ജനറൽ സെക്രട്ടറിയും നിയമസഭാ പാർട്ടി ചീഫ് വിപ്പുമായ എസ് വിജയധരണി പാർട്ടി വിട്ടു. ബിജെപി ദേശീയനേതാക്കളുമായി വിജയധരണി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിൽ ഇവർ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ട്. എന്നാൽ വിജയധരണിയെ സ്വീകരിക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് ബിജെപിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് പാർട്ടിയിൽ അർഹമായ സ്ഥാനം ലഭിക്കാത്തതാണ് വിജയധരണി പാർട്ടി വിടാൻ കാരണമെന്ന് സൂചനകൾ ഉണ്ട്. ശനിയാഴ്ച, എഐസിസി സെൽവപെരുന്തഗൈയെ പുതിയ ടിഎൻസിസി അധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. ഇതിൽ വിജയധരണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
നിരവധി തവണ വിവാദങ്ങളിൽ അകപ്പെട്ടിട്ടുള്ള വിജയധരണി, മുൻ ടിഎൻസിസി മേധാവി ഇവികെഎസ് ഇളങ്കോവനെതിരെ പീഡന കുറ്റം ആരോപിച്ചിരുന്നു. തമിഴ്നാട് സ്പീക്കർ ധനപാലിനെതിരെയും ഇവർ കുറ്റം ആരോപിച്ചിരുന്നു.
കന്യാകുമാരി ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം കോൺഗ്രസും മറ്റുള്ളവ ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവയുമാണ് പ്രതിനിധീകരിക്കുന്നത്.
വിളവൻകോട് നിയോജക മണ്ഡലത്തിൽ നിന്ന് മൂന്നാം തവണയും എംഎൽഎയായ വിജയധരണി കഴിഞ്ഞയാഴ്ച നിയമസഭയുടെ സമ്മേളനത്തിൽ പങ്കെടുത്തില്ല. അഭിഭാഷക കൂടിയായ വിജയധരണി സുപ്രീം കോടതിയിൽ ഒരു കേസിന് ഹാജരാകാൻ ഡൽഹിയിലാണെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ അന്ന് അറിയിച്ചത്.