മുംബൈ: ഏക്നാഥ് ഷിൻഡേ നയിക്കുന്ന ശിവസേനയിലെ 22 എംഎല്‍എമാരും ഒമ്പത് എംപിമാരും പാർട്ടി വിടുമെന്ന് ശിവസേന (യുബിടി) മുഖപത്രമായ സാമ്നയുടെ എഡിറ്റോറിയല്‍. രണ്ടാനമ്മയെ പോലെ പെരുമാറുന്ന ബിജെപിയുടെ പെരുമാറ്റം കാരണം ശ്വാസമുട്ടല്‍ അനുഭവിക്കുന്ന എംപിമാരും എംഎല്‍എമാരും എക്നാഥ് ഷിൻഡേ നയിക്കുന്ന ശിവസേന ഉപേക്ഷിച്ച് പുറത്ത് വരുമെന്നാണ് ഉദ്ദവ് പക്ഷം അവകാശപ്പെടുന്നത്.
രണ്ടാനമ്മയെന്ന പോലെയുള്ള പരിഗണനയാണ് തന്റെ പാര്‍ട്ടിക്ക് ലഭിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ശിവസേന എംപി ഗജനം കിര്‍തികാര്‍ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് സാമ്നയുടെ എഡിറ്റോറിയല്‍ വന്നേക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. അതേസമയം,
മഹാരാഷ്ട്രയിലെ അധികാര തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്ക് വീഴ്ച പറ്റിയെങ്കിലും ഷിന്‍ഡേ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ സുപ്രീം കോടതി ശരിവെച്ചിരുന്നു.
ഷിൻഡേ സർക്കാരിന് അധികാരത്തിൽ തുടരാൻ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ദവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ഭരിക്കുന്ന പാർട്ടിയെ പിളർത്തി സർക്കാരിനെ താഴെയിറക്കുന്ന രാഷ്ട്രീയ നാടകങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായിരുന്നു മഹാരാഷ്ട്രയിൽ കണ്ടത്. സുപ്രീം കോടതി വരെ നീണ്ട മഹാനാടകത്തിന് ഒടുവിൽ ഭരണഘടന ബെഞ്ചിൽ നിന്നുണ്ടായിരുക്കുന്ന ഈ വിധി പല സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടായാൽ സർക്കാർ വീഴാതെയിരിക്കാനുള്ള മുൻകരുതൽ കൂടിയാകുമെന്നാണ് വിലയിരുത്തൽ.
ഉൾപാർട്ടി വിഷയങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പല്ല പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്ര കേസിൽ സുപ്രീം കോടതി വിധി പറഞ്ഞത്. സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് ബോധ്യമാകുന്ന ഒരു രേഖയും മുന്നിലില്ലാതെ കേവലം പാർട്ടിയിലെ എതിർപ്പ് മാത്രം കണക്കിലെടുത്ത് അന്നത്തെ ഗവർണർ നൽകിയ നിർദ്ദേശം ഇല്ലാത്ത അധികാരം പ്രയോഗിക്കലാണെന്ന് സുപ്രീം കോടതി ആഞ്ഞടിച്ചിരുന്നു.