ന്യൂഡൽഹി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ (Covid Restrictions) പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി. അതേസമയം, മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ നിർദേശം.
ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിചേരലുകൾക്കും സംസ്ഥാനത്ത് ഇനി ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ശനിയാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള നിർണായക തീരുമാനമെടുത്തത്. കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തിലാണ് പൂർണ ഇളവുകൾ അനുവദിച്ചത്. അതേസമയം മാസ്ക് ഉപയോഗം നിർബന്ധമല്ലെങ്കിലും കുറച്ചു നാൾ കൂടി തുടരുന്നതാണ് നല്ലതെന്ന് വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ ജനങ്ങളോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കൊവിഡ്
അതേസമയം, കേരളത്തില്‍ ഇന്ന് 429 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 89, തിരുവനന്തപുരം 66, കോട്ടയം 50, കൊല്ലം 40, കോഴിക്കോട് 39, തൃശൂര്‍ 34, പത്തനംതിട്ട 23, ഇടുക്കി 21, കണ്ണൂര്‍ 21, മലപ്പുറം 16, ആലപ്പുഴ 11, വയനാട് 9, പാലക്കാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 372 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 46 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 620 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 63, കൊല്ലം 11, പത്തനംതിട്ട 64, ആലപ്പുഴ 22, കോട്ടയം 74, ഇടുക്കി 61, എറണാകുളം 159, തൃശൂര്‍ 53, പാലക്കാട് 3, മലപ്പുറം 14, കോഴിക്കോട് 61, വയനാട് 14, കണ്ണൂര്‍ 17, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3171 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,60,767 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് 19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 41 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,913 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 19,648 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,725 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 12,498 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 50 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3171 കൊവിഡ് കേസുകളില്‍, 11.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.