ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർക്കാണ് നീലഗിരിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. എ.ഡബ്ല്യൂ.ഡബ്ല്യൂ.എ.(ആർമി വൈവ്സ് വെൽഫെയർ അസോസിയേഷൻ) പ്രസിഡന്റും സജീവ സാമൂഹിക പ്രവർത്തകയുമായിരുന്നു മധുലിക.
മധ്യപ്രദേശിലെ ശഹ്ഡോൾ സ്വദേശിയാണ് മധുലിക. അന്തരിച്ച രാഷ്ട്രീയ പ്രവർത്തകൻ മൃഗേന്ദ്ര സിങ്ങിന്റെ മകളായ ഇവർ ഡൽഹിയിലാണ് പഠനം പൂർത്തിയാക്കിയത്. ഡൽഹി സർവകലാശാലയിൽനിന്നുള്ള സൈക്കോളജി ബിരുദധാരിയായിരുന്നു മധുലിക.
രാജ്യത്തെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘനകളിൽ ഒന്നാണ് എ.ഡബ്ല്യൂ.ഡബ്ല്യൂ.എ. സൈനികരുടെ ഭാര്യമാർ, കുട്ടികൾ, ആശ്രിതർ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. നേരത്തെ, വീർ നാരി(സൈനികരുടെ വിധവകൾ)കളെയും ഭിന്നശേഷിക്കാരായ കുട്ടികളെയും സഹായിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെയും പ്രചാരണങ്ങളുടെയും ഭാഗമായും മധുലിക പ്രവർത്തിച്ചിരുന്നു.
എ.ഡബ്ല്യൂ.ഡബ്ല്യൂ.എയെ കൂടാതെ നിരവധി സാമൂഹിക സേവനങ്ങളിലും പ്രത്യേകിച്ച് കാൻസർ രോഗികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലും മധുലിക സജീവമായിരുന്നു. സൈനികരുടെ ഭാര്യമാരുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ മധുലിക ചെയ്തിരുന്നു. തയ്യൽ, ബാഗ് നിർമാണം, കേക്ക്- ചോക്കലേറ്റ് നിർമാണം തുടങ്ങിയ തൊഴിലുകളിൽ ഏർപ്പെടുന്നതിലൂടെ സാമ്പത്തികമായി സ്വയംപര്യാപ്തരാകാനും മധുലിക അവർക്ക് പ്രോത്സാഹനം നൽകി.രണ്ടു പെൺമക്കളാണ് ബിപിൻ റാവത്ത്-മധുലിക ദമ്പതിമാർക്ക്.