മുംബൈ: തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങളില്‍ കേരളം ദുരന്തഭൂമിയായി മാറിയിരിക്കുന്നുവെന്ന് മാധവ് ഗാഡ്ഗില്‍. ദുരന്തങ്ങള്‍ കാണേണ്ടിവരുമെന്നു താന്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പശ്ചിമഘട്ടം സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആ റിപ്പോര്‍ട്ട് എല്ലാവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നും ഗാഡ്ഗില്‍ ആരോപിച്ചു.
പ്രകൃതി ചൂഷണത്തിനൊപ്പം കാലാവസ്ഥാ മാറ്റവും കേരളത്തിനു തിരിച്ചടിയായിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതി പോലുള്ള മെഗാ പ്രോജക്ടുകള്‍ കേരളത്തിന് നിലവില്‍ ആവശ്യമില്ല. കുറച്ചു സമയം ലാഭിക്കാന്‍ പ്രകൃതിയെ നശിപ്പിക്കേണ്ട കാര്യമില്ല. വന്‍കിട നിര്‍മാണങ്ങളല്ല കേരളത്തിന് ആവശ്യമെന്നും ഗാഡ്ഗില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 2396.86 അടിയായിട്ടുണ്ട്. 2398 അടി ആയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. തിങ്കളാഴ്ച രാത്രി മഴ പെയ്താല്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകില്ല. ഈ സാഹചര്യം വന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നതില്‍ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചത്. സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനം എടുക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഏതു ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതതു ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി നിശ്ചയിക്കും.