കൊച്ചി: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ ദു:ഖവും ഞെട്ടലും രേഖപ്പെടുത്തിക്കൊണ്ടുള്ള ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയുടെ ട്വീറ്റ് ചില മാധ്യമങ്ങള്‍ വാര്‍ത്തയാക്കാത്തത് വിവാദത്തില്‍. യൂസഫലിയുമായി ബന്ധപ്പെട്ട ചെറിയ സംഭവങ്ങള്‍ പോലും വലിയ പ്രാധാന്യത്തോടെ നല്‍കുന്ന ഈ മാധ്യമങ്ങള്‍ പ്രധാനമന്ത്രിയെ കുറിച്ച് അദ്ദേഹം നടത്തിയ ഒരു പ്രസ്താവന വാര്‍ത്തയാക്കിയില്ലെന്ന വിമര്‍ശനമാണ് ഉയരുന്നത്.
നമ്മുടെ രാജ്യത്തിന്റെ ഭാവി തലമുറയ്ക്കായി ഇനിയും മികച്ച പ്രവര്‍ത്തനം നടത്താന്‍ പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീര്‍ഘായുസും നല്‍കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തിയെന്നായിരുന്നു യൂസഫലി ട്വിറ്ററില്‍ കുറിച്ചത്. പ്രധാനമന്ത്രിയുടെ യാത്ര തടഞ്ഞത് ദു:ഖകരവും നിര്‍ഭാഗ്യകരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജിയുടെ യാത്ര പഞ്ചാബില്‍ തടസപ്പെട്ട സംഭവം തീര്‍ത്തും ദുഖകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയും, നമ്മുടെ രാജ്യത്തെ തുടര്‍ന്നും നയിക്കാനുള്ള അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായും, വരും തലമുറയുടെ അഭിവൃദ്ധിക്ക് വേണ്ടിയും പ്രത്യേക പ്രാര്‍ത്ഥനകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്,’ എന്നായിരുന്നു യൂസഫലി ട്വിറ്ററില്‍ കുറിച്ചിരുന്നത്.
എന്നാല്‍ യൂസഫലി ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതും ആ ഹെലികോപ്റ്ററിന്റെ വിശദാംശങ്ങളും അദ്ദേഹം അപകടത്തിന് ശേഷം നേടിയ ചികിത്സയെ കുറിച്ചും അപകടത്തില്‍ രക്ഷയായവരെ സന്ദര്‍ശിച്ചതും അവര്‍ക്ക് നല്‍കിയ ‘സര്‍പ്രൈസ് സമ്മാനങ്ങളുടെ’ വിശദാംശങ്ങളും വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ രാജ്യത്തെ പ്രധാനമന്ത്രി റോഡില്‍ തടസ്സം നേരിട്ട പ്രശ്നത്തില്‍ യൂസഫലി ഞെട്ടല്‍ രേഖപ്പെടുത്തിയതും മോദിയുടെ ആയുസിനും ആരോഗ്യത്തിനുമായി പടച്ചവനോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചതും മാത്രം വാര്‍ത്തയാക്കിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ ഇപ്പോഴും എപ്പോഴും നയിക്കാന്‍ മോദി തന്നെ ഉണ്ടാവട്ടേ എന്ന് യൂസഫലി ആശംസ അറിയിച്ചതില്‍ എന്തുകൊണ്ട് ഇവരാരും വാര്‍ത്താ പ്രാധാന്യം കാണുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നു. അതേസമയം മനോരമ, ഏഷ്യാനെറ്റ്, 24 ന്യൂസ് തുടങ്ങിയ മാധ്യമങ്ങള്‍ യൂസഫലിയുടെ ട്വീറ്റ് വാര്‍ത്തയാക്കിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു പടിഞ്ഞാറന്‍ പഞ്ചാബിലെ ഫിറോസ്പൂരിലെ തെരഞ്ഞെടുപ്പ് റാലിക്ക് വേണ്ടി പോകുകയായിരുന്ന മോദിയെ കര്‍ഷകര്‍ റോഡില്‍ തടഞ്ഞ് പ്രതിഷേധിച്ചത്. 20 മിനിറ്റോളം കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിയും സംഘവും ഫ്‌ളൈഓവറില്‍ കുടുങ്ങി. തുടര്‍ന്ന് പഞ്ചാബില്‍ നടത്താനിരുന്ന മോദിയുടെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയിരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനം. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതിന് ശേഷം ആദ്യമായിട്ടായിരുന്നു മോദി പഞ്ചാബിലെത്തിയത്.