തിരുവനന്തപുരം: ഇ.പി.ജയരാജനെതിരായി ഉയര്‍ന്ന സാമ്പത്തിക ആരോപണം പാര്‍ട്ടിക്കുള്ളിലെ വിമര്‍ശനത്തിനും സ്വയം വിമര്‍ശനത്തിനുമുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തിയുള്ള മാധ്യമ സൃഷ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. വിമര്‍ശനങ്ങളും തെറ്റുതിരുത്തലുകളും പാര്‍ട്ടിക്കുള്ളില്‍ ഫലപ്രദമായി നടക്കുമെന്നും മാധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചര്‍ച്ച നടത്തില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിലെ നിലപാട് വ്യക്തമാക്കി ഇറക്കിയ വീഡിയോയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ട് കമ്യൂണിസ്റ്റുകാരേയും അക്രമിച്ചുകൊണ്ടിരിക്കുന്നജീര്‍ണതയെ ഫലപ്രദമായി പ്രതിരോധിക്കണം. ഓരോ വ്യക്തിയും സമൂഹത്തിന്റെ ഭാഗമായിട്ട് നില്‍ക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിക്കാനാകണം
പാര്‍ട്ടിക്ക് ഗൗരവമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും എല്ലാം നടത്തിക്കൊണ്ട് മാത്രമേ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയും അവര്‍ തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്’ ഗോവിന്ദന്‍ പറഞ്ഞു.
അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായവും പറയാനില്ല. സംഘടനാപരമായ തെറ്റുതിരുത്തലിന് ചര്‍ച്ചകള്‍ നടത്തും. ഫലപ്രദമായ തീരുമാനങ്ങളും ഇതിലുണ്ടാകും. മാധ്യമങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ അവരോട് പറയും.
അനാവശ്യമായി പാര്‍ട്ടിയേയും കേഡര്‍മാരേയും നേതാക്കളേയും ഏതെങ്കിലും രീതിയില്‍ കൊത്തിവലിക്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ട് ചര്‍ച്ച ചെയ്യുന്ന രീതിയാണുള്ളത്.
ഏതെങ്കിലും ഒരു യോഗത്തിലോ സന്ദര്‍ഭത്തിലോ കൈകാര്യം ചെയ്യേണ്ട ഒന്നല്ല തെറ്റുതിരുത്തല്‍ പ്രക്രിയ. ഒന്നാം തിയതി മുതല്‍ പിബി അംഗങ്ങള്‍ മുതല്‍ പ്രവര്‍ത്തകര്‍ വരെ 21 ദിവസം നീണ്ടു നില്‍ക്കുന്ന വീടുകയറിയുള്ള പ്രചാരണം നടത്തും. ജനങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.