കോഴിക്കോട്: ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതിനെ അനുകൂലിച്ച നടി നിഖില വിമലിനെതിരെ ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ടെന്ന് എം ടി രമേശ് പറഞ്ഞു. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ ?’എന്ന ജനജഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം ടി രമേശ്.
സമസ്ത പെണ്‍വിലക്കില്‍ നിലപാട് വ്യക്തമാക്കാത്ത സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മൗനം കുറ്റകരമാണ് എന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അനുവദിച്ച അഭിമുഖത്തിനിടെയായിരുന്നു നിഖില വിമലിന്റെ പരാമര്‍ശം. പുതിയ ചിത്രമായ ജോ ആന്റ് ജോ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഒരു യൂ ട്യൂബ് ചാനലിന് നിഖില വിമല്‍ അഭിമുഖം അനുവദിച്ചത്.
ചെസ് കളിയില്‍ വിജയിക്കാന്‍ കുതിരയെ മാറ്റി പശുവിനെ വെച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്നായിരുന്നു അവതാരകന്‍ പറഞ്ഞത്. പശുവിന് മാത്രം പ്രത്യേകിച്ച് പരിഗണന നല്‍കേണ്ട ആവശ്യമില്ലെന്നായിരുന്നു നിഖില വിമല്‍ ഇതിന് മറുപടി പറഞ്ഞത്. മൃഗങ്ങളെ സംരക്ഷിക്കണമെങ്കില്‍ എല്ലാ മൃഗങ്ങളെയും സംരക്ഷിക്കണം എന്നും നിഖില വിമല്‍ കൂട്ടിച്ചേര്‍ത്തു. വെട്ടുന്നില്ല എങ്കില്‍ ഒന്നിനെയും വെട്ടരുത് എന്നും വെട്ടുകയാണെങ്കില്‍ എല്ലാറ്റിനെയും വെട്ടാം എന്നുമായിരുന്നു നിഖില വിമല്‍ പറഞ്ഞത്. വന്യജീവികളെ വെട്ടരുത് എന്ന് പറയുന്നത് അവറ്റകള്‍ക്ക് വംശനാശം വരുന്നത് കൊണ്ടാണ്. ഞാനെന്തും കഴിക്കും എന്നും നിഖില പറഞ്ഞു.
നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തട്ടെ. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് പറ്റില്ല. പശുവാണേലും എരുമയാണേലും ഞാന്‍ കഴിക്കും എന്നായിരുന്നു നിഖില പറഞ്ഞത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലെന്നും അത് പിന്നെ കൊണ്ടുവന്നതാണെന്നും നിഖില വ്യക്തമാക്കിയിരുന്നു. അതേസമയം ഇത് വലിയ ചര്‍ച്ചയായതിന് പിന്നാലെ നിഖില വിമലിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.
അതേസമയം, പശു വിഷയത്തില്‍ നിഖില വിമലിനെ പിന്തുണച്ച് എഴുത്തുകാരനായ എം മുകുന്ദന്‍ രംഗത്തെത്തി. പശുവിനെ കൊന്നാല്‍ കലാപമുണ്ടാകുന്ന നാട്ടിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷിക്കുന്നതിന് മൃഗങ്ങളെ കൊല്ലുന്നതില്‍ പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിനാണെന്നും എം മുകുന്ദന്‍ ചോദിച്ചു. പശു ഒരു മൃഗമാണെന്നാണ് നാം പഠിച്ചിരുന്നത്. എന്നാല്‍ ഇന്ന് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടി മാലാ പാര്‍വതിയും നിഖില വിമലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സൈബര്‍ ആക്രമണങ്ങളില്‍ വിഷമിക്കേണ്ടെന്നും ഉറപ്പുള്ള ഒരുപാട് പേര്‍ കൂടെയുണ്ടാകും എന്നുമായിരുന്നു മാലാ പാര്‍വതി നിഖില വിമലിനോട് പറഞ്ഞത്. നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുള്ള നടിയാണ് നിഖില വിമല്‍. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഴീക്കോട്, തളിപറമ്പ് മണ്ഡലങ്ങളില്‍ ഇടത് കണ്‍വെന്‍ഷനുകളില്‍ നിഖില വിമല്‍ പങ്കെടുത്തിരുന്നു.