തിരുവനന്തപുരം: മന്ത്രി എം.എം മണിയുടെ ഔദ്യോഗിക വാഹനത്തിന് രണ്ട് വര്‍ഷത്തിനിടെ 34 ടയറുകള്‍ മാറ്റിയെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെ വലിയ ചര്‍ച്ചകളും ട്രോളുകളുമാണ് ഉടലെടുത്തത്. എന്നാല്‍ ടയര്‍ മാറ്റലിന്റെ പേരില്‍ വിവാദത്തിലാകുന്ന ആദ്യത്തെ നേതാവല്ല മണിയാശാന്‍. ഇതിന് മുമ്പ് മറ്റൊരു കോണ്‍ഗ്രസ് നേതാവും ഇതേ വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജോയി തോമസാണ് ഇതിന് മുമ്പ് ടയര്‍ മാറ്റല്‍ വിവാദത്തില്‍ അകപ്പെട്ട നേതാവ്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായിരിക്കെ ഔദ്യോഗിക വാഹനത്തിന്റെ 27 ടയറുകളാണ് അദ്ദേഹം മാറ്റിയത്. നാല് വര്‍ഷത്തിനിടെ 27 ടയറുകള്‍ മാറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയി തോമസ് തുക എഴുതിയെടുത്തത്.
അക്കാലത്ത് ജോയി തോമസിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയംഗവും നിലവില്‍ കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്നത്തെ എ.ഐ.സി.സി ഉപാദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഇന്ധനത്തിന് 13.5 ലക്ഷം രൂപയും വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ ഭക്ഷണം കഴിച്ച വകയില്‍ ജോയി തോമസ് ഒമ്പത് ലക്ഷം രൂപയും ചെലവിട്ടു എന്നാരോപിച്ചാണ് സതീശന്‍ പാച്ചേനി പരാതി നല്‍കിയത്. ടയര്‍ മാറ്റിയതിന്റെ പേരില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജോയി തോമസിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ് ജോയി തോമസ്.