KeralaNews

ഏഷ്യൻ സർവകലാശാലകളിൽ മികച്ച റാങ്കിങ്ങുമായി എം.ജി.സർവകലാശാല

കോട്ടയം:ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക മികവ് കണ്ടെത്തുന്നതിന് ടൈംസ് ഹയർ എജ്യൂക്കേഷൻ 2021 വർഷത്തേക്ക് നടത്തിയ റാങ്കിങ്ങിൽ 154-ാം സ്ഥാനം നേടി മികവ് പുലർത്തി മഹാത്മാഗാന്ധി സർവകലാശാല.

ഏഷ്യയിൽ നിന്നുള്ള 551 സർവകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയുമാണ് റാങ്കിങ്ങിനായി പരിഗണിച്ചത്.അധ്യാപനം, ഗവേഷണം, ഗവേഷണങ്ങളുടെ ഫലപ്രാപ്തി, അധ്യാപകരിലും വിദ്യാർഥികളിലും, ഗവേഷണ പ്രബന്ധങ്ങളിലുമുള്ള സാർവദേശീയ പ്രാതിനിധ്യം, കണ്ടുപിടിത്തങ്ങൾ വ്യാവസായിക മേഖലയിലേക്ക് കൈമാറുന്നതിനുള്ള മികവ് തുടങ്ങി 13 ഇനങ്ങളിലുള്ള മാനദണ്ഡങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചാണ് യു.കെ. ആസ്ഥാനമായുള്ള അക്കാദമിക് പ്രസിദ്ധീകരണ സ്ഥാപനമായ ടൈംസ് ഹയർ എജ്യൂക്കേഷൻ റാങ്കിങ്ങ് നടത്തിയിട്ടുള്ളത്.

ഇന്ത്യയിലെ മറ്റ് പല പ്രശസ്ത സർവകലാശാലകളേയും മറികടന്നുകൊണ്ടാണ് എം.ജി. സർവകലാശാല ഇത്തവണ ഈ അപൂർവനേട്ടം കരസ്ഥമാക്കിയത്.ജവഹർലാൽ നെഹ്രു സർവ്വകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, പഞ്ചാബ് സർവകലാശാല, ജാമിയ മിലിയ ഇസ്ലാമിയ തുടങ്ങിയ സ്ഥാപനങ്ങളെക്കാളെല്ലാം റാങ്കിങ്ങിൽ എം.ജി. സർവകലാശാല മുന്നിലാണ്.

എം.ജി. സർവകലാശാലയെ കൂടാതെ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി – കുസാറ്റും റാങ്കിങ്ങിൽ ഉൾപ്പെട്ടിട്ടുണ്ട്.വിവിധ ഐ.ഐ.ടി.കൾ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള 10 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ 37 മുതൽ 144 വരെയുള്ള സ്ഥാനങ്ങൾ നേടി റാങ്കിങ്ങിൽ മുന്നിലെത്തിയിട്ടുണ്ട്.

ചൈനയിലെ സിങ്ഹുവാ, പീക്കിംഗ് സർവകലാശാലകളാണ് റാങ്കിങ്ങിൽ ഒന്നും രണ്ടും സ്ഥാനം നേടിയിട്ടുള്ളത്. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിങ്കപ്പൂർ, ഹോങ്‌കോങ് യൂണിവേഴ്‌സിറ്റി, ജപ്പാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടോക്കിയോ തുടങ്ങിയവയാണ് റാങ്കിങ്ങിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന മറ്റ് സ്ഥാപനങ്ങൾ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button