പാലക്കാട്: തൃത്താലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. രാജേഷ് വിജയിച്ചു. മൂവായിരത്തോളം വോട്ടുകള്‍ക്കാണ് രാജേഷിന്റെ ജയം. യുഡിഎഫിന്റെ വി.ടി. ബല്‍റാമിനെയാണ് രാജേഷ് പരാജയപ്പെടുത്തിയത്. തിരുവനന്തപുരം സെൻട്രലിൽ ഇടത് സ്ഥാനാർഥി ആന്റണി രാജുവിന് വിജയം. കാലങ്ങളായി യുഡിഎഫ് വിജയിപ്പിച്ച മണ്ഡലത്തിലാണ് ഇത്തവണ ഇടതുമുന്നണിയുടെ ജയം. മുതിർന്ന കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാറാണ് മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിച്ചത്.
ധര്‍മ്മടത്ത് പിണറായി വിജയന്റെ ലീഡ് അരലക്ഷത്തോട് അടുത്തു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ കെ ഷൈലജയുടെ ലീഡ് നിലയും നാല്‍പ്പതിനായിരത്തില്‍ അധികമാണ്.
അതേസമയം ജനവിധിയില്‍ ഇത്തവണയും കേരളം ചുവപ്പണിഞ്ഞു തുടങ്ങിയിരിക്കുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്ക്കേ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റമുണ്ട്. വോട്ടെണ്ണല്‍ അവസാന ഘട്ടങ്ങളിലേക്ക് അടുക്കുമ്പോള്‍ നിലവില്‍ 99 നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 സീറ്റുകളില്‍ യുഡിഎഫും മുന്നേറുന്നു. നിലവില്‍ ഒരു മണ്ഡലത്തിലും എന്‍ഡിഎ ലീഡ് ചെയ്യുന്നില്ല.