KeralaNews

ഭാരത് റൈസ് അല്ല, ഇലക്ഷൻ റൈസ്’; ബിജെപിക്കെതിരെ എം ബി രാജേഷ്

കൊച്ചി: ഭാരത് റൈസിനെ ഇലക്ഷൻ റൈസെന്നാണ് വിളിക്കേണ്ടതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ബിജെപി ഭരിച്ച 10 വർഷം ഇങ്ങനെയുള്ള അരി കണ്ടിട്ടില്ല.തെരഞ്ഞെടുപ്പ് റൈസുമായി ബിജെപി ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്. ബിജെപി കേരളത്തോട് ചെയ്ത കൊടും പാതകത്തെ ഭാരത് റൈസ് അരിവിതരണത്തിലൂടെ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

കേന്ദ്ര അവഗണനയിൽ ഗത്യന്തരമില്ലാതെയാണ് സർക്കാർ സുപ്രീം കോടതിയെ സമിപ്പിച്ചത്. കേരളത്തിൻ്റെ പരാതിയിൽ കഴമ്പുണ്ടെന്ന് സുപ്രീം കോടതിക്ക് മനസ്സിലായിട്ടുണ്ട്. അത് കൊണ്ടാണ് ആദ്യം കേന്ദ്രവുമായി ചർച്ച ചെയ്യാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. പ്രളയകാലത്ത് നൽകിയ അരിയ്ക്ക് വരെ കണക്ക് പറഞ്ഞ് കാശ് വാങ്ങിയവരാണ് കേന്ദ്രം. ഷൈലോക്കിനെ പോലെ കേന്ദ്രം കണക്ക് പറഞ്ഞ് കാശ് വാങ്ങി. ആ കേന്ദ്രമാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇപ്പോൾ ഭാരത് അരിയുമായി ഇറങ്ങിയിരിക്കുന്നത്. പ്രളയകാലത്തെ അരിയ്ക്ക് പണം വാങ്ങിയതിന് ആദ്യം മറുപടി പറയണം.

സപ്ലൈകോ വിഷയത്തിൽ തെറ്റായ പ്രചരണം നടക്കുന്നുണ്ട്. ജനകീയ ഹോട്ടൽ പദ്ധതിക്കായി 161 കോടി രൂപ സർക്കാർ ചെലവഴിച്ചു. 993 ഹോട്ടലുകൾക്ക് സബ്സിഡിയായി ഈ തുക നൽകി. സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്തും സർക്കാർ സബ്സിഡി നൽകി. ‌കുടുംബശ്രീയിലൂടെ 3 ലക്ഷം തൊഴിൽ അടുത്ത വർഷം നൽകാനാണ് ലക്ഷ്യം. തൊട്ടതെല്ലാം പൊന്നാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീ. കേരളം ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമായി മാറിയതിൽ കുടുംബശ്രീയുടെ പങ്ക് വലുതാണെന്നും എം ബി രാജേഷ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button