ലാല്‍സലാം ത്സര്‍ണദാസ്; ത്രിപുരയിലെ വനിതാ എം.പിയെ പ്രശംസിച്ച് എം.ബി രാജേഷ്
പാലക്കാട്: ത്രിപുരയിലെ വനിത എം.പിയുടെ ധീരനിലപാടിനെ പ്രശംസിച്ച് എം.ബി രാജേഷ്. കര്‍ണാടകത്തിലെ എം.പിമാര്‍ സ്വന്തം പാര്‍ട്ടി മാറാന്‍ തുടങ്ങുമ്പോള്‍ ഝര്‍ണാദാസ് എം.പി എടുത്ത നിലപാട് പ്രശംസനീയമാണെന്ന് രാജേഷ് പറയുന്നു.
‘ഝര്‍ണാദാസ് അസാമാന്യ ധീരതയുള്ള വനിതയാണ്.അവരെയാണ് ഒരു നിവേദനം നല്‍കാന്‍ ചെന്നപ്പോള്‍ അമിത് ഷാ ബി.ജെ.പി.യില്‍ ചേരാന്‍ ക്ഷണിച്ചത്.ഞാന്‍ കാണാന്‍ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല എന്നായിരുന്നു ഝര്‍ണയുടെ മറുപടി.
എം.ബി രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ് അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്.” ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല ” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝ ർ ണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്. ” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും “. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്