കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ രാജിയെ കുറിച്ചും കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെ കുറിച്ചും പരിഹാസ രൂപേണ അവതരിപ്പിച്ച് പാലക്കാട് മുന്‍ എം.പി എം.ബി രാജേഷ്. പടനായകന്‍ ഉപേക്ഷിച്ചു പോയ ലക്ഷ്യബോധമില്ലാത്ത പടയാളികള്‍ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ശത്രു പാളയത്തിലേക്ക് കൂട്ടത്തോടെ കൂറുമാറുകയും ചെയ്യുന്ന കറുത്ത നാടകങ്ങളാണിപ്പോള്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം.ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ആ രാജിക്കത്ത് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി മുന്‍ അദ്ധ്യക്ഷന്‍ ചുമത്തുന്ന കുറ്റപത്രമാണെന്ന് എം.ബി രാജേഷ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
രാഹുൽ ഗാന്ധിയുടെ രാജിക്കത്തിനെ മുൻനിർത്തിയാണീ കുറിപ്പ്.നേരത്തെ എഴുതണമെന്ന് വിചാരിച്ചെങ്കിലും ചില തിരക്കുകൾ കാരണം നടന്നില്ല. കർണാടക സംഭവ വികാസങ്ങളും ഇന്നത്തെ ദി ഹിന്ദു’വിലെ ഗോപാൽ കൃഷ്ണ ഗാന്ധിയുടെ ലേഖനവും വീണ്ടും രാഹുലിന്റെ രാജി ഓർമ്മിപ്പിച്ചു.
രാഹുൽ ഗാന്ധിയുമായി പാർലിമെന്റിലെ പത്തു വർഷത്തെ പരിചയമുണ്ട്. പ്രതിപക്ഷത്ത് ഒരുമിച്ചിരുന്ന കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ പരിചയം നല്ല സൗഹൃദമായി വളർന്നു. ഏതാനും വർഷം മുമ്പ് ഡെക്കാൺ ക്രോണിക്കിളുമായുളള ഒരഭിമുഖത്തിൽ സൗഹൃദത്തെക്കുറിച്ചും ഒരു ചോദ്യമുണ്ടായി. അതിന് മറുപടിയായി രാഹുൽ എന്ന വ്യക്തിയെ കുറിച്ച് ചില നല്ല വാക്കുകൾ പറഞ്ഞിരുന്നു.അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുമ്പോൾ തന്നെ. അദ്ദേഹത്തിനെതിരെ നടന്നു കൊണ്ടിരുന്ന ഹീനമായ വ്യക്തി അധിക്ഷേപത്തോടുള്ള വിയോജിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു. വീക്ഷണം പത്രം രാഷ്ട്രീയലക്ഷ്യത്തിനായി ആ പരാമർശങ്ങളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയുണ്ടായി .പിന്നീട് അദ്ദേഹം കോൺസ് പ്രസിഡന്റായി നിയമിതനായപ്പോൾ മനോരമ ഓൺലൈൻ എന്നോടും അതിനെക്കുറിച്ച് അഭിപ്രായം തേടുകയുണ്ടായി. ” രാഹുൽ ഗാന്ധി എന്ന വ്യക്തിയല്ല പ്രശ്നം.അദ്ദേഹത്തിന് കോൺഗ്രസിനെ രക്ഷിക്കാനാവുമെന്ന് കരുതുന്നില്ല. കാരണം ഒരു വ്യക്തിക്ക് മാറ്റാനാവുന്നതല്ല കോൺഗ്രസിന്റെ നയങ്ങൾ.ആ നയങ്ങൾ അവരുടെ വർഗ്ഗ സ്വഭാവ ( class character) വുമായി ബന്ധപ്പെട്ടിരിക്കുന്നു. അത് രാഹുൽ ഗാന്ധിക്ക് മാറ്റം വരുത്താൻ കഴിയുന്നതല്ല.” ഏതാണ്ടിങ്ങനെയാണ് അഭിപ്രായം പറഞ്ഞതെന്നോർക്കുന്നു.
രാഹുലിന്റെ രാജിക്കത്ത് വായിച്ചപ്പോൾ ആ അഭിപ്രായവും അതിനപ്പുറം ചിലതും മനസ്സിൽ വന്നു.
ആ രാജിക്കത്ത് യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിക്കതിരായി മുൻ അദ്ധ്യക്ഷൻ ചുമത്തുന്ന കുറ്റപത്രമാണ്! രാജിക്കത്തിൽ ഒരിടത്ത് അദ്ദേഹം പറയുന്നത് നോക്കു.” ……ആർ.എസ്.എസിനോടും. അവർ പിടിച്ചെടുത്ത സ്ഥാപനങ്ങളോടും വ്യക്തിപരമായി മുഴുവൻ കരുത്തോടെ തന്നെ പൊരുതി……. ചില നേരങ്ങളിൽ ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടു പോയിട്ടുണ്ട്. ” അവസാനം അദ്ദേഹം അനുയായികള ഉപദേശിക്കുന്നു -” ആഴത്തിൽ പ്രത്യയശാസ്ത്ര യുദ്ധത്തിൽ പോരാടാതെയും അധികാരത്തിനുള്ള മോഹം ഉപേക്ഷിക്കാതെയും നാം നമ്മുടെ എതിരാളികളെ പരാജയപ്പെടുത്തുകയില്ല.” അദ്ധ്യക്ഷനായ ഒരാൾക്ക് താൻ നയിച്ച പാർട്ടിയുടെ പാപ്പരത്തത്തെക്കുറിച്ച് ഇതിലപ്പുറം എങ്ങിനെ തുറന്നു പറയാനാവും? മാദ്ധ്യമ വാർത്തകളനുസരിച്ചാണെങ്കിൽ പ്രവർത്തക സമിതിയിൽ പാർട്ടിയുടേയും നേതൃഗണത്തിന്റെയും വഞ്ചനയെക്കുറിച്ച് അദ്ദേഹം പൊട്ടിത്തെറിച്ചതു കുടി ഈ രാജിക്കത്തിന്റെ അനുബന്ധമായി വായിക്കേണ്ടതാണ്.
അദ്ദേഹത്തിന്റെ ഉപദേശം അനുയായികൾ എങ്ങിനെ സ്വീകരിച്ചുവെന്ന് കർണാടകയിലേയും ഗുജറാത്തിലേയും കോൺഗ്രസ് എംഎൽ ഏമാർ കാണിച്ചു തന്നല്ലോ. അധികാര മോഹത്താൽ അന്ധരായ കോൺഗ്രസുകാർക്ക് എന്ത് പ്രത്യയശാസ്ത്രം?പദവിക്കായുള്ള ഗ്രൂപ്പ് യുദ്ധങ്ങളല്ലാതെ വേറെന്ത് പോരാട്ടം?
സംഘ പരിവാറിനെതിരായ പ്രത്യയശാസ്ത്ര യുദ്ധത്തിന് കോൺഗ്രസിന് കെല്പില്ലെന്ന് രാഹുൽ ഗാന്ധി തന്നെ തിരിച്ചറിഞ്ഞ് അദ്ധ്യക്ഷ പദവി ഒഴിയുമ്പോൾ ആ കെല്പില്ലായ്മ ചരിത്രപരമായും വർഗ്ഗപരമായും ഉള്ളതാണ് എന്നറിയണം. ജനസംഘം രൂപീകരിക്കാൻ ശ്യാമപ്രസാദ് മുഖർജി നെഹ്റു വിന്റെ ക്യാബിനറ്റിൽ നിന്നാണ് രാജിവെച്ച് പുറത്തു വന്നതെന്ന് മറക്കരുത്. ഇന്ത്യയിൽ ബിജെപി.യുടെ പൂർവ്വരൂപമായ ജനസംഘം സ്ഥാപകനെ മന്ത്രിസഭയിലുൾപ്പെടുത്താവുന്നത്ര പ്രത്യയശാസ്ത്ര ബലമേ നെഹ്റു നയിച്ച കാലത്ത് പോലും കോൺഗ്രസിന് ഉണ്ടായിരുന്നുള്ളൂ എന്ന് അറിയുക. ഗോൾവാൾക്കുമായുളള കത്തിടപാടുകൾക്കു ശേഷം വിലയില്ലാത്ത വാക്കും വിശ്വസിച്ച് ഗാന്ധി വധത്തിന്റെ പേരിൽ RSS ന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് അവരെ നിയമ വിധേയരാക്കിയതും മറ്റാരുമായിരുന്നില്ലല്ലോ. ഷാബാനു ബീഗം കേസിൽ സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമ്മാണം നടത്തി ഇസ്ലാമിക വർഗ്ഗീയ ശക്തികളേയും അതു ബാലൻസ് ചെയ്യാൻ തൊട്ടുപിന്നാലെ അയോദ്ധ്യയിൽ ശിലാന്യാസം നടത്താൻ അനുവദിച്ച് വിശ്വഹിന്ദു പരിഷത്തിനേയും ഒരു പോലെ പ്രീണിപ്പിച്ച പ്രത്യയശാസ്ത്രത്തിന്റെയും ഉടമസ്ഥാവകാശം കോൺഗ്രസിനാണ്. ഒടുവിൽ 92 ഡിസ.6 ന് സംഘപരിവാർ ബാബ്റി മസ്ജിദ് തകർത്തുകൊണ്ടിരുന്നപ്പോൾ പ്രധാനമന്ത്രിക്കസേരയിൽ നിഷ്ക്രിയനായിരുന്ന നരസിംഹറാവുവിന്റെ നിർവ്വികാരതയുടെ പ്രത്യയശാസ്ത്രവും കോൺഗ്രസിന്റെ
പൈതൃകമാണ്. ഇപ്പോൾ കാലിക്കടത്തിന്റെ പേരിൽ യോഗിയെപ്പോലെ ദേശസുരക്ഷാ നിയമം ചുമത്തുന്ന മദ്ധ്യപ്രദേശിലെ താമര നാഥനും ഗോ സംരക്ഷകർ കൊന്ന പെഹല്ലു ഖാനെതിരെ കേസെടുത്ത അശോക് ഗെഹലോട്ടും രാഹുൽ ഗാന്ധിയെത്തന്നെ തള്ളി സംഘപരിവാറിന്റെ നാമജപത്തിൽ ചേർന്ന കെ.പി.സി.സി.യുമെല്ലാം ആ പൈതൃകത്തിന്റെ പിന്തുടർച്ചക്കാർ.ഭരണഘടനയും ലിംഗസമത്വവും കയ്യൊഴിഞ്ഞവർക്ക് ഭരണഘടനയെ തന്നെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എന്ത് പ്രത്യയശാസ്ത്രമാണ് കൈമുതലായിട്ടുള്ളത്?
രാഹുൽ പറയുന്നത് ശരിയാണ്.സംഘപരിവാറിനെതിരെ ആഴത്തിലുള്ള പ്രത്യയശാസ്ത്ര സമരം വേണം. സമസ്ത മേഖലകളിലും. ആ ശ്രമത്തിൽ താൻ തീർത്തും ഒറ്റപ്പെട്ടു പോയെന്ന് അദ്ദേഹം പറയുമ്പോൾ കോൺഗ്ര സി നാതാവില്ലെന്ന് വ്യക്തം. ആർക്കാണ് ആ പ്രത്യയശാസ്ത്ര വ്യക്തതയും ദാർഡ്യവും ഉള്ളത്? ഇടതു പക്ഷത്തിന് എന്നാണുത്തരം. സീറ്റിന്റെ എണ്ണത്തിലും വോട്ടിന്റെ എണ്ണത്തിലും ഇടതുപക്ഷം കോൺഗ്രസിനേക്കാൾ തീരെ ചെറിയതെന്നതിൽ തർക്കിക്കാനൊന്നുമില്ല. എന്നാൽ സംഘപരിവാറിനെതിരായി പോരാടാനുള്ള ഏറ്റവും ശക്തവും ഫലപ്രദവുമായ പ്രത്യയശാസ്ത്രം ഇടതു പക്ഷത്തിന്റെതാണ്.അത് സംഘപരിവാർ തിരിച്ചറിയുന്നതു കൊണ്ടാണ് ഗോൾവാൾക്കർ വിചാരധാരയിൽ ഹിന്ദു രാഷ്ട്രത്തിന്റെ മുന്ന് ആന്തരിക ഭീഷണികളിലൊന്നായി കമ്യൂണിസ്റ്റുകാരെ വിലയിരുത്തുന്നത്. ത്രിപുരയിൽ ജയിച്ചപ്പോൾ ഇതുവരെയുള്ളതൊന്നുമല്ല ഇതാണ് യഥാർത്ഥ പ്രത്യയ ശാസ്ത്ര വിജയം എന്ന് നരേന്ദ്ര മോദി ആവേശ ഭരിതനായതും അതു കൊണ്ടു തന്നെ. ബംഗാളും കേരളവും ജയിക്കുന്ന ദിവസമേ ബിജെപി.ക്ക് യഥാർത്ഥത്തിൽ സന്തോഷിക്കാനാവൂ എന്നും മോദി മുന്നറിയിപ്പ് നൽകിയത് ആത്യന്തികമായി നേരിടേണ്ട പ്രത്യയശാസ്ത്ര മേത് എന്നറിയുന്നതിനാലാണ്. കോൺഗ്രസിന് തങ്ങളെ എതിർക്കാൻ ഒരു പ്രത്യയശാസ്ത്രവുമില്ലെന്നും അവരിലേറെപ്പേരും തങ്ങൾക്കൊപ്പം വരേണ്ടവരുമാണെന്ന് സംഘപരിവാറിന് നല്ല നിശ്ചയമുണ്ട്. അത് വൈകി തിരിച്ചറിഞ്ഞതാണ് രാഹുലിന്റെ ഉറച്ച രാജിക്കു കാരണം. രാജിക്കത്തിലെ വരികൾക്കിടയിലുടനീളം വിങ്ങുന്നത് ആ തിരിച്ചറിവ് സൃഷ്ടിക്കുന്ന നിരാശയാണ്. സ്വന്തം പടയാൽ നിരന്തരം വഞ്ചിക്കപ്പെട്ട പടനായകന്റെ പിൻമടക്ക മാണത്. പടനായകൻ ഉപേക്ഷിച്ചു പോയ ലക്ഷ്യബോധമില്ലാത്ത പടയാളികൾ ആയുധം ഉപേക്ഷിച്ച് കീഴടങ്ങുകയും ശത്രു പാളയത്തിലേക്ക് കൂട്ടത്തോടെ കൂറുമാറുകയും ചെയ്യുന്ന കറുത്ത നാടകങ്ങളാണിപ്പോൾ കർണാടകയിലും മറ്റും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആ ദുരന്ത നാടകത്തിന്റെ അടുത്ത രംഗം നാമജപത്തിന്റെ ഹാങ്ങോവർ വിട്ടുമാറാത്ത കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിലായിരിക്കും.