KeralaNews

പഠിച്ച സ്കൂളിൽ സഹപാഠികൾക്കും ലില്ലി ടീച്ചർക്കു മൊപ്പം സമയം പങ്കിട്ട് എം.എ യൂസഫലി, സ്കൂളിന് പൂർവ്വ വിദ്യാർത്ഥി വക വമ്പൻ സമ്മാനവും

തൃശ്ശൂർ: 52 വർഷങ്ങൾക്ക് ശേഷം സഹപാഠികൾക്കൊപ്പം താൻ പഠിച്ച സ്കൂളിലെത്തി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ  എം.എ യൂസഫലി. കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളിലെ സഹപാഠികൾക്കൊപ്പമാണ്  യുസഫലി കുട്ടിക്കാലത്തെ ഓർമ്മകള്‍ പങ്കിട്ട് ക്ലാസ്മുറിയിൽ സമയം ചെലവഴിച്ചത്. പ്രിയപ്പെട്ട അധ്യാപകരെയും സഹപാടികളെയും കണ്ട് ഓർമ്മകള്‍ പുതുക്കി മടങ്ങവെ സ്കൂളിന് അരക്കോടി രൂപയുടെ  ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. എം.എ യൂസഫ് അലി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്  തൃശൂർ കാട്ടൂർ കാരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലാണ്.

അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് സ്കൂളിൽ ആ പഴയ കൂട്ടുകാർ ഒത്തുകൂടിയത്  പഴയ ഇരിപ്പിടങ്ങളിൽ ഒരുമിച്ചിരുന്ന് യുസഫലിക്കും കൂട്ടുകാർക്കുമൊപ്പം ഓർമ്മകളും 52 വർഷം പുറകിലേക്ക് ചലിച്ചു. സഹപാഠികളായിരുന്ന യൂസഫും ഗിരിജയും ഫിലോമിനയും മാത്യുവുമെല്ലാം ആ നല്ല ഓർമ്മകളുടെ സൗഹൃദകാലം ഓർത്തെടുത്തു.

സ്കൂളിലേക്ക് എം.എ യൂസഫലി എത്തുമ്പോള്‍ അദ്ദേഹത്തെ കാണാനായി സഹപാഠികളെല്ലാം ക്ലാസ് മുറിയിൽ പഴയ ഇരിപ്പിടങ്ങളിൽ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഓരോരുത്തരുടെയും അടുത്ത് ചെന്ന് പേര് വിളിച്ച് യൂസഫലി ഓർമ്മകള്‍ പുതുക്കി. സഹപാഠികളുടെ ഒത്തു ചേരലിന് മധുരമായി  കൂട്ടിന് പഴയ മാഷുമാരും ടീച്ചർമാരും ഉണ്ടായിരുന്നു.  

പഴയപോലെ ക്ലാസ് ടീച്ചറുടെ കസേരയില്‍ കണക്ക് അധ്യാപികയായിരുന്ന ലില്ലി ടീച്ചർ തന്‍റെ വിദ്യാർത്ഥികളെ കാത്തിരിക്കുന്നുണ്ടായിരുന്നു.  പ്രിയപ്പെട്ട അധ്യാപികയെ കണ്ടതും ഉടൻ തന്നെ യൂസഫലി  ലില്ലി ടീച്ചറുടെ അടുത്തേക്ക് ചെന്ന് ആദരിച്ചു.  ക്ലാസ് മുറിയിൽ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ നിറ കണ്ണുകളോടെ മുൻനിരയിൽ  ലില്ലി ടീച്ചറുമുണ്ടായിരുന്നു.

ലില്ലി ടീച്ചർക്കൊപ്പം  കേക്ക് മുറിച്ചാണ് പഴയ കൂട്ടുകാർ സന്തോഷം പങ്കുവച്ചത്. ഇതിനിടെ യൂസഫലിക്ക് സഹപാഠി ഗിരിജ സ്നേഹസമ്മാനമായി വീട്ടിൽ നിന്നുണ്ടാക്കിയ അട കൊണ്ടുവന്നിരുന്നു. ഇതും കഴിച്ച് പഴയ കൂട്ടുകാർ ഓർമ്മകള്‍ പങ്കിട്ടു.  

സൗഹൃദ കൂട്ടായ്മ സദസ്സിലേക്ക് 1970-71 ബാച്ചിലെ വിദ്യാർത്ഥികളും അധ്യാപകരും എത്തിയിരുന്നു.  തൃപയാറിൽ നിന്ന് ബസ് കയറിയും നടന്നും കരാഞ്ചിറ സ്കൂളിലേക്ക് എത്തിയിരുന്ന കാലം എം.എ യൂസഫലി ഓർമ്മിച്ചെടുത്തു.  സ്കൂൾ വിദ്യാഭ്യാസ കാലത്തെ അനുഭവങ്ങളാണ് ബിസിനസ് ജീവിതത്തിൽ തനിക്ക് സഹനശക്തിയും കരുത്തും നൽകുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു.


ചങ്ങമ്പുഴയുടെ കവിത ചൊല്ലിയാണ് ഊഷ്മളമായ സൗഹൃദ ഓർമ്മകൾ സദസ്സിൽ എം.എ യൂസഫലി പങ്കുവച്ചത്. കരാഞ്ചിറ സ്കൂളിലെ അധ്യാപകരും സഹപാഠികളും ചേർന്ന് പൂർവ്വവിദ്യാർത്ഥി കൂടിയായ യൂസഫലിയെ പൊന്നാട അണിയിച്ചു. സ്കൂൾ അധികൃതർ ചേർന്ന് യൂസഫലിക്ക് ഉപഹാരം സമ്മാനിച്ചു. 

ഓർമ്മകള്‍ പങ്കിട്ട് മടങ്ങവെ താൻ പഠിച്ച സ്കൂളിൽ കൂടുതൽ ക്ലാസ് റൂമുകൾ നിർമ്മിക്കുന്നതിനും അടിസ്ഥാനസൗകര്യ വിസനത്തിനുമായി 50 ലക്ഷം രൂപ നൽകുമെന്ന്  എം.എ യൂസഫലി  പ്രഖ്യാപിച്ചു. അഞ്ച് ക്ലാസ് റൂമുകൾ നിർമ്മിക്കാനായി 41 ലക്ഷം രൂപയാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്,

എന്നാൽ താൻ പഠിച്ച സ്കൂൾ കൂടുതൽ അധുനികവത്കരിക്കാനും അധികം വിദ്യാർത്ഥികൾക്ക് സൗകര്യം ലഭിക്കാനുമായി 50 ലക്ഷം രൂപ തന്നെ യൂസഫലി പ്രഖ്യാപിക്കുകയായിരുന്നു. എത്രയും വേഗം നിർമ്മാണം പൂർത്തീകരിക്കാനും ഉദ്ഘാടനത്തിന് താനുണ്ടാകുമെന്നും അധികൃതർക്ക് പൂർവ്വവിദ്യാർത്ഥി കൂടിയായ യൂസഫലി ഉറപ്പ് നൽകി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker