തിരുവനന്തപുരം: സി.പി.എം നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ശബരിമല യുവതിപ്രവേശവുമായി ബന്ധപ്പെട്ട് തുല്യനീതിയുടെ പ്രശ്‌നമുണ്ടെങ്കിലും ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സാമൂഹിക സംഘര്‍ഷം ഒഴിവാക്കുക എന്നതാണ് പാര്‍ട്ടി നയം. ശബരിമല യുവതി പ്രവേശത്തില്‍ സുപ്രീം കോടതി വിധിവരെ ക്ഷമിച്ചിരിക്കുക എന്നതാണ്. വിധി വന്നാല്‍ അതിന്റെ സ്വഭാവം പരിശോധിച്ച ശേഷം ജനങ്ങളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും.
ശബരിമലയില്‍ തുല്യനീതിയുടെ പ്രശ്‌നം ഉണ്ടെങ്കിലും നമ്മള്‍ പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ യുവതി പ്രവേശനം നടപ്പാക്കാനാകില്ലെന്നും പിബി അംഗം വിശദീകരിച്ചു. ആര്‍.ബാലശങ്കറിന്റെ വിവാദ പ്രസ്താവന ബിജെപി വിഭാഗീയതയില്‍ ശ്രദ്ധകിട്ടാന്‍ വേണ്ടി നടത്തിയ അഭിപ്രായ പ്രകടനം മാത്രമാണെന്നും ബേബി പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ കുരച്ചുചാടുന്ന കേരളത്തില്‍ ബിജെപി എന്ത് ഡീലാണ് സിപിഎമ്മുമായി നടത്തുക. ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ കേരളത്തില്‍ അവസരം ഒരുക്കികൊടുത്തത് കോണ്‍ഗ്രസാണ്. ഒ. രാജഗോപാല്‍ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.