27.1 C
Kottayam
Monday, May 6, 2024

റുതുരാജിന്‍റെസെഞ്ചുറിയ്ക്ക് മറുപടി നല്‍കി സ്റ്റോയ്നിസ്;ചെന്നൈയെ തകര്‍ത്ത് ലഖ്‌നൗ

Must read

ചെന്നൈ: ഐപിഎല്ലില്‍ റുതരാജ് ഗെയ്ക്‌വാദിന്‍റെ സെഞ്ചുറിക്ക് മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആറ് വിക്കറ്റിന്‍റെ തകര്‍പ്പൻ ജയം. ചെന്നൈ സൂപ്പര്‍ കിംഗ്സ് ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ലഖ്നൗ മറികടന്നു. 56 പന്തില്‍ സെഞ്ചുറി നേടിയ സ്റ്റോയ്നിസ് 63 പന്തില്‍ 124 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 15 പന്തില്‍ 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും ആറ് പന്തില്‍ 17 റണ്‍സുമായി സ്റ്റോയ്നിസിനൊപ്പം വിജയത്തില്‍ കൂട്ടായ ദീപക് ഹൂഡയും ലഖ്നൗവിന്‍റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. ചെന്നൈക്കെതിരെ ലഖ്നൗവിന്‍റെ തുടര്‍ച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റണ്‍ചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്നൗ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി.സ്കോര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 210-4, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 19.3 ഓവറില്‍ 213-4.

അവസാന നാലോവറില്‍ 54 റണ്‍സായിരുന്നു ലഖ്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവറിലെ മൂന്നാം പന്തില്‍ മതീഷ പതിരാന നിക്കൊളാസ് പുരാനെ ഷാര്‍ദ്ദുല്‍ താക്കൂറിന്‍റെ കൈകളിലെത്തിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചെങ്കിലും പുരാന്‍ പുറത്തായശേഷം പോരാട്ടം തുടര്‍ന്ന സ്റ്റോയ്നിസ് ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ലഖ്നൗവിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. 56 പന്തിലാണ് സ്റ്റോയ്നിസ് ആദ്യ ഐപിഎല്‍ സെഞ്ചുറിയിലെത്തിയത്.

അവസാന മൂന്നോവറില്‍ 47ഉം രണ്ടോവറില്‍ 32ഉം റണ്‍സുമായിരുന്നു ലഖ്നൗവിന് ജയക്കാന്‍ വേണ്ടിയിരുന്നത്. പതിരാന എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 15 റണ്‍സടിച്ച ലഖ്നൗ പ്രതീക്ഷ നിലനിര്‍ത്തി. മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ലഖ്നൗവിനായി ആദ്യ പന്തില്‍ തന്നെ സ്റ്റോയ്നിസ് സിക്സ് അടിച്ചു. അടുത്ത പന്തില്‍ ബൗണ്ടറിയും നേടിയതോടെ ലക്ഷ്യം നാലു പന്തില്‍ ഏഴായി. നോ ബോളായ മൂന്നാം പന്തും ബൗണ്ടറി അടിച്ച് സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. വീണ്ടുമെറിഞ്ഞ മൂന്നാം പന്തും ബൗണ്ടറി കടത്തി സ്റ്റോയ്നിസ് ലഖ്നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.

211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗവിന് ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ ക്വിന്‍റണ്‍ ഡി കോക്കിനെ(0) നഷ്ടമായി. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനും(14 പന്തില്‍ 16) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ഇംപാക്ട് പ്ലേയറായി എത്തിയ ദേവ്ദത്ത് പടിക്കല്‍ 19 പന്തുതള്‍ നേരിട്ട് 13 റണ്‍സുമായി പതിരാനയുടെ പന്തില്‍ ബൗള്‍ഡായി മടങ്ങി. പിന്നീടായിരുന്നു

ലഖ്നൗവിന് പ്രതീക്ഷ നല്‍കിയ സ്റ്റോയ്നിസ്-പുരാന്‍ കൂട്ടുകെട്ട്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 70 റണ്‍സടിച്ച് ലഖ്നൗവിന്‍റെ പ്രതീക്ഷ കാത്തു. നിര്‍ണായക സമയത്ത് പുരാന്‍ മടങ്ങിയെങ്കിലും ദീപക് ഹൂഡയെ കൂട്ടുപിടിച്ച് സ്റ്റോയ്നിസ് നടത്തിയ പോരാട്ടം ലഖ്നൗവിനെ അവിശ്വസനീയ ജയത്തിലെത്തിച്ചു. 13 ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സ്റ്റോയ്നിസിന്‍റെ ഇന്നിംഗ്സ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവിലാണ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തത്. റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 27 പന്തില്‍ 66 റണ്‍സടിച്ചു.

അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ല്‍ എത്തിച്ചു. ലഖ്നൗവിനായി യാഷ് താക്കൂറും മൊഹ്സിന്‍ ഖാനും മാറ്റ് ഹെന്‍റിയും ഓരോ വിക്കറ്റെടുത്തു. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച റുതുരാജ് 56 പന്തില്‍ സെഞ്ചുറിയിലെത്തി. യാഷ് താക്കൂറിനെ തുടര്‍ച്ചയായി സിക്സും ഫോറും പറത്തിയാണ് റുതുരാജ് സെഞ്ചുറിയിലെത്തിയത്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശിവം ദുബെ റുതരാജിനൊപ്പം 46 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week