മോഷണത്തിന് ഇരയായ ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ച നിലയില്‍
കണ്ണൂര്‍: മോഷണത്തിനിരയായെന്ന് പരാതിപ്പെട്ട ലോട്ടറി വില്‍പ്പനക്കാരന്‍ സഹോദരന്റെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍. കണ്ണൂര്‍ മാങ്ങാട്ടിടം സ്വദേശിയായ യു സതീശനെ(59)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി സതീശന്‍ നേരത്തേ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കൂത്തുപറമ്പ്-കണ്ണൂര്‍ റോഡില്‍വച്ച് മോഷണത്തിനിരയായെന്നായിരുന്നു സതീശന്റെ പരാതി. വാനിലെത്തിയ ഒരു സംഘം 12,000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും 850 രൂപയും അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് പാസ്ബുക്കും ഇതില്‍ ഉണ്ടായിരുന്നു.
പിടിവലിക്കിടെ റോഡില്‍ വീണുപോയ സതീശനെ സുഹൃത്തായ ഓട്ടോ ഡ്രൈവറാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം സതീശന്‍ ലോട്ടറി വില്‍പ്പനയ്ക്ക് പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പ് ഗില്ലന്‍ബാരി സിന്‍ഡ്രോം ബാധിച്ച് ശരീരം തളര്‍ന്നതിന് ശേഷമാണ് സതീശന്‍ ലോട്ടറി വില്‍പ്പനയിലേക്കു തിരിഞ്ഞത്. പിന്നീട് മുച്ചക്ര സൈക്കിള്‍ ലഭിച്ചതോടെ എല്ലാ ദിവസവം പുലര്‍ച്ചെ നാല് മണിയോടെ ലോട്ടറി കച്ചവടത്തിന് ഇറങ്ങുമായിരുന്നു. പുഷ്പയാണ് സതീശന്റെ ഭാര്യ. സൗമ്യ, സിനോയ് എന്നിവരാണ് മക്കള്‍.