ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്‍റെ അടുത്ത ചിത്രം രജനികാന്തിനൊപ്പമാണ്. താല്‍കാലികമായി തലൈവർ 171 എന്നാണ് ചിത്രത്തിന് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്. ലോകേഷിന്‍റെ മുന്‍ ചിത്രം ദളപതി വിജയ് നായകനായ ലിയോയ്ക്ക് മികച്ച അഭിപ്രായവും ബോക്സോഫീസ് വിജയവും ലഭിച്ചെങ്കിലും വലിയ വിമര്‍ശനങ്ങളും നേടിയിരുന്നു.
ചിത്രം ബോക്‌സ് ഓഫീസിൽ വൻ തുക നേടിയെങ്കിലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഏറ്റവും ദുർബലമായ ചിത്രമെന്നാണ് പൊതുവില്‍ വിലയിരുത്തല്‍ വന്നത്. അതേ സമയം ലോകേഷ് പുതിയ അഭിമുഖത്തില്‍ ലിയോയില്‍ താന്‍ ഒരു തെറ്റ് ചെയ്തെന്നും അത് അടുത്ത ചിത്രത്തില്‍ ആവര്‍ത്തിക്കില്ലെന്നും പറഞ്ഞു. ലോകേഷ് അവതരിപ്പിക്കുന്ന ഫൈറ്റ് ക്ലബ് എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ആങ്കര്‍ ഗോബിനാഥിന് നല്‍കിയ അഭിമുഖത്തിലാണ് പഴയ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് ലോകേഷ് പറയുന്നത്. “രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,
കാരണം അത് പരിമിതമായ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാൻ ഇത് സമ്മർദ്ദം ചെലുത്തും. ഇത് നന്നായി ചെയ്യാൻ എനിക്ക് കുറച്ച് സമയം വേണം ” ലോകേഷ് പറഞ്ഞു. “ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമർശനം ലഭിച്ചു, ഞാൻ അത് കണക്കിലെടുക്കുന്നു. ഭാവിയിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാൻ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല “- ലോകേഷ് വ്യക്തമാക്കി.
"In #LEO many pointed out there are issues in second half, yes I'm taking it on🤝. Hereafter I'm going to work without announcing release date in the beginning of the movie"
— AmuthaBharathi (@CinemaWithAB) December 14, 2023
– #LokeshKanagaraj pic.twitter.com/D4iWjwuuug
ഒക്ടോബര്‍ 19ന് ഇറങ്ങിയ ലിയോയാണ് അവസാനമായി ലോകേഷ് കനകരാജിന്‍റെ ചിത്രമായി ഇറങ്ങിയത്. ബോക്സോഫീസില്‍ 600 കോടിയില്‍ ഏറെ ചിത്രം നേടിയിട്ടുണ്ട്. ഇത് അടുത്തിടെ നെറ്റ്ഫ്ലിക്സിലും റിലീസായിരുന്നു. ഒടിടിയില്‍ നെറ്റ്ഫ്ലിക്സില്‍ ദിവസങ്ങളോളം ട്രെന്‍റിംഗ് ലിസ്റ്റിലായിരുന്നു ലിയോ.
അതേ സമയം ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിക്കുന്ന ‘ഫൈറ്റ് ക്ലബ്’ ഡിസംബർ 15 മുതൽ തിയറ്ററുകളിലെത്തി. അബ്ബാസ് എ റഹ്മത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസാണ്. ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാർ നായകനായെത്തുന്ന ചിത്രത്തിൽ കാർത്തികേയൻ സന്താനം, ശങ്കർ ദാസ്, മോനിഷ തുടങ്ങിയവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്.