ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച്: പ്രത്യേക സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതിക്ക് നീക്കം?
ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു ‘രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംബന്ധിച്ച് നിയമനിര്‍മാണം നടന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനത്തിന്റെ അജൻഡയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും സര്‍ക്കാര്‍ നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ബില്‍ സഭയില്‍ വരാന്‍ ഇടയുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഏക സിവില്‍ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍നിന്നടക്കം എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികള്‍ക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകള്‍ തിരഞ്ഞെടുപ്പ് കമ്മിഷനുള്‍പ്പെടെയുള്ളവരുമായി ചേര്‍ന്ന് പാര്‍ലമെന്റ് പാനല്‍ നേരത്തെ പരിശോധിച്ചിരുന്നു.
ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോള്‍ അഞ്ചോളം അനുച്ഛേദങ്ങളില്‍ മാറ്റം വരുത്തേണ്ടിവരും. പാര്‍ലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകള്‍ പിരിച്ചുവിടല്‍, ലോക്സഭ പിരിച്ചുവിടല്‍, സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ ചേരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി നേരത്തെ അറിയിച്ചിരുന്നു. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ കേന്ദ്രം വ്യക്തത വരുത്തിയില്ല. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള പ്രത്യേക സമ്മേളനത്തില്‍ എന്തൊക്കെ അജൻഡകളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത് എന്നത് നിർണായകമാണ്