കോട്ടയം: ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വായ്പയെടുത്ത് ബാങ്കിന് അഞ്ചുകോടി രൂപ നഷ്ടം വരുത്തിയെന്ന കേസിൽ ഗുണ്ടാ നേതാവ് മാലം സുരേഷിനും കനറാ ബാങ്ക് കോട്ടയം ബ്രാഞ്ച് മുൻ ചീഫ് മാനേജരുമുൾപ്പെടെ നാല് പ്രതികൾക്ക് 5.87 കോടിരൂപ പിഴയും മൂന്നുവർഷം കഠിനതടവും ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ. കോടതിയുടേതാണ് വിധി. കോട്ടയം മാലം വാവാത്തിൽ കെ.വി.സുരേഷ്, ബാങ്ക് മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ബോബി ജേക്കബ്, ടിനു ബോബി എന്നിവരാണ് പ്രതികൾ.
ഏലം, കുരുമുളക് തുടങ്ങിയവയുടെ വ്യാപാര ആവശ്യങ്ങൾക്കുള്ള വായ്പ എന്ന തരത്തിൽ വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ബാങ്കിൽനിന്ന് പണം തട്ടുകയായിരുന്നു.അഴിമതിക്ക് ബാങ്ക് മാനേജർ കൂട്ടുനിന്നെന്നാണ് സി.ബി.ഐ. കണ്ടെത്തൽ. 2007 മുതൽ 2006 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
ബ്ലേഡ് പലിശക്കാരനായ പ്രതി മാലം സുരേഷ് പണം പലിശയ്ക്ക് വാങ്ങാനെത്തുന്നവരിൽനിന്ന് അവരുടെ പേരിലുള്ള ഭൂമി ഈടായി എഴുതിവാങ്ങും. മറ്റ് പ്രതികളായ ബോബി, ടീനു എന്നിവരുടെ പേരിലാണ് ഭൂമി തീറെഴുതി വാങ്ങുന്നത്.പണം മടക്കി നൽകുമ്പോൾ തിരിച്ചെഴുതി നൽകാമെന്ന വാക്കിൻമേലാണ് ഭൂമി എഴുതിവാങ്ങുന്നത്. ഈ വസ്തു ഈടായി നൽകി ബാങ്കിൽനിന്ന് കോടികൾ തട്ടിയെടുക്കുകയായിരുന്നു.
പണം മടക്കി നൽകിയശേഷവും ഉടമകൾക്ക് ഭൂമി തിരിച്ചെഴുതി നൽകാത്തതിനെ തുടർന്ന് ഇവർ പരാതി നൽകുകയായിരുന്നു. ബാങ്ക് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തട്ടിപ്പ് കണ്ടെത്തി. തുടർന്ന് സി.ബി.ഐ. കേസെടുത്ത് അന്വേഷണം നടത്തി തിരുവനന്തപുരം സി.ബി.ഐ. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
പരാതിക്കാരായ കോട്ടയം സ്വദേശി ഉണ്ണിമായക്കുട്ടിക്ക് അഞ്ചുകോടിയും ഗിരിജയ്ക്ക് 40 ലക്ഷവും അനിൽ രാജിന് 25 ലക്ഷവും ശിവരാജൻ ഉണ്ണിത്താന് അഞ്ചുലക്ഷവും പിഴത്തുകയിൽനിന്ന് നൽകണമെന്നും ഉത്തരവിൽ പറയുന്നു.പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ ജപ്തി ചെയ്ത് പണം ഈടാക്കാനും ഉത്തരവുണ്ട്. ബാങ്ക് മുൻ മാനേജർ എം.പി.ഗോപിനാഥൻ നായർ കേസിൽ രണ്ടാം പ്രതിയാണെങ്കിലും ഇയാളെ കോടതി വെറുതേവിട്ടു.