ബംഗ്ലൂരു : അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.
രണ്ട് മാസം മുമ്പാണ് ഇവർ മുപ്പതിനായിരം രൂപ ലോൺ ആപ്പ് സംഘത്തിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാൽ തുക പലിശയടക്കം വീണ്ടും ഉയർന്നു. തിരികെ അടക്കാൻ കഴിയാതെ വന്നതോടെ ലോൺ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. വീട്ടമ്മയുടെയും കുട്ടികളുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങൾ വാട്സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കള്‍ക്ക് അയച്ചത്. ഇതിന്‍റെ മനോവിഷമത്തിലാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി, ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.
ലോൺ നൽകുമ്പോൾ ബാങ്കുകൾക്കും ഇടപാടുകാരുമിടയിൽ ഇടനില നിൽക്കാൻ മാത്രമാണ് ലോൺ ആപ്പുകൾക്ക് അനുമതിയുള്ളത്. ഇങ്ങനെ നിയമപരമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടു. സ്വന്തം നിലയ്ക്ക് പണം നൽകുന്ന ആപ്പുകളെ നിയമവിരുദ്ധമായി കണക്കാക്കി നടപടി സ്വീകരിക്കും.ആപ്പുകൾ മറയാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയുണ്ടാകും. ഇഡി അടക്കം കേന്ദ്ര ഏജൻസികൾ ആപ്പുകൾക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നും ധനകാര്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ധനകാര്യമന്ത്രി നിർമലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തുടർ നടപടികൾ ചർച്ച ചെയ്തത്.
സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി.