അലഹബാദ്: ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലുള്ള പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് ഒരുമിച്ച് താമസിക്കാമെന്ന് കോടതി. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്ക് സമാധാനപരമായി ഒരുമിച്ച് താമസിക്കാമെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം. ഒരുമിച്ച് താമസിക്കുന്നതിന് വീട്ടുകാരില്‍ നിന്ന് അപമാനവും ഭീഷണിയും നേരിടുന്ന പരാതിക്കാര്‍ക്ക് ഫറൂഖാബാദ് പൊലീസ് സംരക്ഷണം ഒരുക്കണമെന്നാണ് ഹൈക്കോടതി വിശദമാക്കുന്നത്.
പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് അവരുടെ ഇഷ്ടപ്രകാരമാണ്. അത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ അടക്കമുള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഇടപെടേണ്ട കാര്യമില്ലെന്നാണ് കോടതി വിശദമാക്കുന്നത്. ജസ്റ്റിസ് അന്‍ജാനി കുമാര്‍ മിശ്ര, ജസ്റ്റിസ് പ്രകാശ് പാഡിയ എന്നിവരുടേതാണ് തീരുമാനം. ഫറൂഖാബാദ് സ്വദേശികളായ കാമിനിദേവിയുടേയും അജയ് കുമാറിന്‍റേയും പരാതി പരിഗണിക്കുകയായിരുന്നു കോടതി.
കഴിഞ്ഞ ആറുമാസത്തോളമായി ഒരുമിച്ച് താമസിക്കുകയാണ് ഇവര്‍. എന്നാല്‍ കാമിനി ദേവിയുടെ രക്ഷിതാക്കള്‍ ഇവരെ അപമാനിക്കാന്‍ ശ്രമിക്കുകയും കാമിനി ദേവിയെ മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. മാര്‍ച്ച് 17 ന് ഇത് സംബന്ധിച്ച പരാതി ഫറൂഖാബാദ് പൊലീസിന് സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് റിട്ട് പരാതിയില്‍ ഇവര്‍ വിശദമാക്കുന്നത്. ഇവര്‍ക്ക് ഒരുമിച്ച് താമസിക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇവരുടെ സ്വസ്ഥമായ ജീവിതത്തില്‍ ഒരാള്‍ക്കും ഇടപെടാന്‍ സാധിക്കില്ലെന്നും വിശദമാക്കി.