സംസ്ഥാനത്ത് മദ്യവിതരണം ഉടന്‍ ആരംഭിക്കും; ബെവ്‌കോ വെയര്‍ ഹൗസുകളോട് പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബെവ്‌കോ വെയര്‍ ഹൗസുകളോട് പ്രവര്‍ത്തനം തുടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. റീട്ടെയില്‍ ഷോപ്പുകളില്‍ നിന്ന് ഇന്‍ഡന്റ് ശേഖരിക്കാനും ലേബല്‍ മദ്യക്കുപ്പികളില്‍ ഒട്ടിക്കാനുമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൊബൈല്‍ ആപ്പ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് സര്‍ക്കാരിന്റെ ഈ നടപടി.
കഴിഞ്ഞയാഴ്ചയാണ് സംസ്ഥാനസര്‍ക്കാര്‍ സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കൊണ്ട് ഉത്തരവിറക്കിയത്. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പന നടത്താനെന്നും ഇതിനുള്ള മൊബൈല്‍ ആപ്പും മറ്റു സാങ്കേതിക സംവിധാനങ്ങളും തയ്യാറാവുന്ന മുറയ്ക്ക് മദ്യവില്‍പന ആരംഭിക്കാമെന്നുമാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മദ്യ വില്‍പ്പനയ്ക്കുള്ള വിര്‍ച്ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ വൈകുമെന്നാണ് സൂചന. ഗൂഗിളിന്റെ സുരക്ഷാ അനുമതി ലഭിക്കാത്തതാണ് ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുന്നത് വൈകാന്‍ കാരണം. പ്രശ്നം പരിഹരിക്കാന്‍ കമ്പനിക്ക് ഗൂഗിള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊബൈല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് ഗൂഗിള്‍ അധികൃതര്‍ ആപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയത്. ലോഡ് ടെസ്റ്റിങ്ങില്‍ പ്രശ്നമില്ലെന്നാണ് കമ്പനി പറയുന്നത്. സങ്കേതിക തടസ്സം ഉടന്‍ പരിഹരിക്കുമെന്ന് ബെവ്ക്യൂ വികസിപ്പിച്ച കമ്പനിയായ ഫെയര്‍ കോഡ് അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തും.
വെര്‍ച്വല്‍ ക്യൂ വഴി മദ്യം വിതരണം ചെയ്യാന്‍ 511 ബാറുകളും 222 ബിയര്‍, വൈന്‍ പാര്‍ലറുകളും സര്‍ക്കാരിനെ താല്‍പര്യം അറിയിച്ചിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാകും വിതരണം. നേരത്തെ ബെവ്കോ രാത്രി 9 വരെ പ്രവര്‍ത്തിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ വഴിയുള്ള മദ്യവിതരണത്തിന്റെ നടത്തിപ്പും പ്രവര്‍ത്തനവും ബെവ്കോ മാനേജിങ് ഡയറക്ടറുടെ നിയന്ത്രണത്തിലായിരിക്കും.