തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ മദ്യക്കച്ചവടത്തില്‍ വലിയ ഇടിവാണ് സംഭവിച്ചത്. എന്നാല്‍ ഓണക്കച്ചവടത്തില്‍ തങ്ങളുടെ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കാന്‍ ബാറുടമകള്‍ക്ക് പാരിതോഷികങ്ങള്‍ വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മദ്യക്കമ്പനികള്‍. കുപ്പിയോടെ മദ്യംവില്‍ക്കാന്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതു മുതലെടുത്താണ് ഈ നീക്കം. ഇത്തരത്തില്‍ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിച്ചാല്‍ ബാറുടമയ്ക്ക് സ്വര്‍ണനാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് വാഗ്ദാനം. വില്‍പ്പന കൂടുന്നതനുസരിച്ച് പാരിതോഷികങ്ങളുടെ എണ്ണവുംകൂടും.
പുതിയ ക്രമീകരണത്തില്‍ ചില്ലറ മദ്യവില്‍പ്പനയുടെ 70 ശതമാനവും ബാറുകളിലൂടെയായി. ഇതാണ് മദ്യക്കമ്പനികള്‍ക്ക് ഇടപെടാന്‍ അവസരം നല്‍കിയത്. കുപ്പിയോടെ മദ്യംവില്‍ക്കാനുള്ള അനുമതി ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ്ഷോപ്പുകള്‍ക്കു മാത്രമുണ്ടായിരുന്നപ്പോള്‍ മദ്യക്കമ്പനികള്‍ക്ക് ഇത്തരം ഇടപെടലുകള്‍ക്ക് അവസരമുണ്ടായിരുന്നില്ല. ഇത് ഒരു പരിധിവരെ ബിവറേജസ് കോര്‍പ്പറേഷന്‍ നിയന്ത്രിച്ചിരുന്നു. ഇത്തരം ക്രമക്കേട് കണ്ടെത്താന്‍ ബിവറേജസിന് വിജിലന്‍സ് സ്‌ക്വാഡുണ്ട്.
ബാറുകളില്‍ ഏത് മദ്യം വില്‍ക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം ഉടമയ്ക്കുണ്ട്. ഇവിടെയാണ് മദ്യക്കമ്പനികളുടെ ഇടപെടല്‍. ബെവ്ക്യൂ ടോക്കണ്‍വഴി ബുക്കുചെയ്യുന്നവര്‍ക്കു മാത്രമേ മദ്യം നല്‍കാവൂ എന്നാണു നിബന്ധന. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളില്‍ ഇതു പാലിക്കുമ്പോള്‍ നല്ലൊരു ശതമാനം ബാറുകളിലും ടോക്കണില്ലാതെയുള്ള മദ്യം വിതരണം പൊടിപൊടിക്കുകയാണ്.