തിരുവനന്തപുരം: മദ്യത്തിന് ബജറ്റിൽ പ്രഖ്യാപിച്ചതിനേക്കാൾ വില കൂടും. ആയിരം രൂപയിൽ താഴെയുള്ള മദ്യത്തിന് കുപ്പിക്ക് 20 രൂപ കൂടുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാൽ, 30 രൂപ കൂടുമെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ സുരക്ഷാ സെസിനായി ബജറ്റിൽ വർധിപ്പിച്ച തുകയ്ക്ക് ആനുപാതികമായി ടേൺ ഓവർ ടാക്സ് ഈടാക്കുന്നതിനാലാണ് കുപ്പിക്ക് 10 രൂപ അധികമായി കൂടുന്നതെന്ന് ബവ്കോ വ്യക്തമാക്കി.
സെസ് ഏർപ്പെടുത്തുന്നതനുസരിച്ച് ടേൺ ഓവർ ടാക്സും ആനുപാതികമായി വർധിക്കും. നിലവിൽ വർധിപ്പിച്ച പത്ത് രൂപയിൽ 9.65 രൂപ സർക്കാരിലേക്കും 35 പൈസ ബവ്കോയ്ക്കും പോകും. 20 രൂപയുടെ 5 ശതമാനം ടേൺഓവർ ടാക്സ് കോർപറേഷൻ അടയ്ക്കേണ്ടി വരുന്നതിനാൽ അധിക നഷ്ടം വരാതിരിക്കാനാണ് 10 രൂപ കൂട്ടിയതെന്ന് അധികൃതര്‍ പറഞ്ഞു. ആയിരം രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപ കൂടുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. എന്നാൽ, കുപ്പിക്ക് 50 രൂപ കൂടിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ സെസിനായാണ് ബജറ്റിൽ മദ്യവില കൂട്ടിയത്. 400 കോടിരൂപയുടെ വരുമാനമാണ് വർഷം പ്രതീക്ഷിക്കുന്നത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപ്പനനികുതി 4 ശതമാനവും ബവ്റിജസ് കോർപറേഷന്റെ കൈകാര്യ ചെലവ് 4 ശതമാനവും ഉയർത്താൻ ഡിസംബറിൽ മന്ത്രിസഭ തീരുമാനിച്ചിരുന്നു. വിൽപ്പന വിലയിൽ 2 ശതമാനം വർധന വരുത്തിയതിനാൽ കുപ്പിക്ക് അന്ന് 10 രൂപ വർധിച്ചു. സംസ്ഥാനത്ത് വിദേശമദ്യം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഡിസ്റ്റലറികളിൽനിന്ന് ഈടാക്കുന്ന 5 ശതമാനം വിറ്റുവരവ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. ഇതുമൂലമുള്ള നഷ്ടം നികത്താനാണ് ഡിസംബറിൽ വർധന വരുത്തിയത്.