റിയോ ഡി ഷാനെറോ: ലയണല്‍ മെസി കോപ്പ അമേരിക്ക സെമിഫൈനലും ഫൈനലും കളിച്ചത് പരുക്കേറ്റ കാലുമായെന്ന് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ബ്രസീലിനെതിരായ വിജയത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്‌കലോണി ഇക്കാര്യം വെളിപ്പെടുത്തിയത്. മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് അര്‍ജന്റീന ബ്രസീലിനെ കീഴടക്കിയത്.
”കോപ്പയില്‍ അദ്ദേഹം എങ്ങനെ കളിച്ചു എന്നറിഞ്ഞാല്‍ നിങ്ങള്‍ മെസിയെ കൂടുതല്‍ ഇഷ്ടപ്പെടും. അദ്ദേഹത്തെപ്പോലൊരു താരമില്ലാതെ ഇത് നടക്കില്ല. ഈ കളിയിലും മുന്‍പത്തെ കളിയിലും അദ്ദേഹം പൂര്‍ണമായി ഫിറ്റായിരുന്നില്ല.”- സ്‌കലോണി പറഞ്ഞു.
അതേസമയം, മെസിക്ക് ഏത് തരത്തിലുള്ള പരുക്കാണ് പറ്റിയതെന്ന് സ്‌കലോണി വെളിപ്പെടുത്തിയില്ല. കൊളംബിയക്കെതിരായ സെമിഫൈനലില്‍ ടാക്കിള്‍ ചെയ്യപ്പെട്ട് അദ്ദേഹത്തിന്റെ കാലിനു പരുക്കേറ്റിരുന്നു. രക്തമൊഴുകുന്ന കാലുമായാണ് മെസി അവസാന 30 മിനിട്ടുകള്‍ കളിച്ചത്. ഈ പരുക്കാണോ സ്‌കലോണി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസിയും കൂട്ടരും തോല്പിച്ചത്. 22ആം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് അര്‍ജന്റീനയുടെ ജയം. റോഡ്രിഗോ ഡി പോള്‍ ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. ഒരു ലോംഗ് ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ബ്രസീല്‍ പ്രതിരോധം പരാജയപ്പെട്ടപ്പോള്‍ പന്ത് ലോബ് ചെയ്ത് ഡി മരിയ ബ്രസീല്‍ ഗോള്‍വല തുളയ്ക്കുകയായിരുന്നു.
28 വര്‍ഷത്തിനു ശേഷമാണ് കോപ്പയില്‍ അര്‍ജന്റീനയുടെ കിരീടധാരണം. 1993ലായിരുന്നു അവര്‍ അവസാനമായി കോപ്പ നേടിയത്. മത്സരത്തില്‍ ആദ്യാവസാനം കളം നിറഞ്ഞുകളിച്ച റോഡ്രിഗോ ഡിപോള്‍ ആണ് അര്‍ജന്റീനയ്ക്ക് ജയമൊരുക്കിയത്. വിജയ ഗോള്‍ നേടിയ ഏഞ്ചല്‍ ഡി മരിയ ആണ് കളിയിലെ താരം.