EntertainmentNews

ഞങ്ങള്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ട സ്വപ്‌നമാണ് ഒരുമിച്ചുള്ള ജീവിതം; 20 വര്‍ഷമായി ഒരുമിച്ചിട്ട്: ടൊവിനോ

കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് ടൊവിനോ തോമസ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും മുന്‍നിര നായകനിലേക്കുള്ള ടൊവിനോ തോമസിന്റെ വളര്‍ച്ച ആര്‍ക്കും പ്രചോദനമാകുന്നതാണ്. സിനിമയില്‍ ബന്ധങ്ങളോ വേരുകളോ ഇല്ലാതെയാണ് ടൊവിനോ കടന്നു വരുന്നത്. ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് വില്ലനായും സഹനടനായും അഭിനയിച്ച് കയ്യടി നേടി.

എബിസിഡിയിലും സ്റ്റെെലിലും വില്ലനായും എന്ന് നിന്റെ മൊയ്തീനില്‍ സഹനടനായും മികച്ച പ്രകടനം കാഴ്ചവച്ച് കയ്യടി നേടി. പിന്നാലെ ടൊവിനോയെ തേടി നായക വേഷങ്ങളെത്തുകയായിരുന്നു. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ടൊവിനോ തോമസ്. ഗോദയും ഗപ്പിയും മിന്നല്‍ മുരളിയും തല്ലുമാലയുമൊക്കെ അഭിനയിച്ച് മലയാളവും കടന്ന് പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായകനായി ടൊവിനോ വളര്‍ന്നിരിക്കുന്നു.

ഇപ്പോഴിതാ ടൊവിനോയുടെ പുതിയ സിനിമയും റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ ടൊവിനോ തന്റെ പ്രണയത്തെക്കുറിച്ചും ഭാര്യ ലിഡിയയെക്കുറിച്ചുമൊക്കെ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. ടൊവിനോയും ലിഡിയയും സഹപാഠികളായിരുന്നു. പത്ത് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്.

”ഞാനെന്റെ സ്വപ്‌നമാണ് ജീവിക്കുന്നത്. കല്യാണം കഴിഞ്ഞുള്ള ജീവിതം സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ ഞങ്ങള്‍ സ്വപ്‌നം കാണുന്നതാണ്. ആ സ്വപ്‌നമാണ് ഇന്ന് ജീവിക്കുന്നത്. ആ സ്വപ്‌നത്തില്‍ ഇപ്പോള്‍ രണ്ട് പുതിയ ആള്‍ക്കാരുമുണ്ട്, പിള്ളേര്‍. അതിനെ ഒരു അച്ചീവ്‌മെന്റ് എന്നല്ല പറയേണ്ടത്. സിനിമ എനിക്ക് എത്രത്തോളം സന്തോഷം തരുന്നുണ്ടോ അതുപോലെ തന്നെ എന്റെ കുടുംബവും എനിക്ക് സന്തോഷം തരുന്നതാണ്.” ടൊവിനോ പറയുന്നു.

”ഞങ്ങള്‍ തമ്മില്‍ പരിചയമില്ലാതെ ജീവിച്ചതിലും കൂടുതല്‍ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടി ശേഷം ജീവിച്ചു കഴിഞ്ഞു. പതിനഞ്ചാം വയസിലാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. ഇപ്പോള്‍ രണ്ടാള്‍ക്കും 35 വയസായി. 15 കൊല്ലം പരസ്പരം കണ്ടുമുട്ടാതെ ജീവിച്ചുവെങ്കില്‍ അതിന് ശേഷമുള്ള 20 വര്‍ഷം പ്രണയവും അതിന് ശേഷം വിവാഹം കഴിച്ചും ജീവിച്ചു. കല്യാണം കഴിഞ്ഞിട്ട് 10 വര്‍ഷമായി. അത് ഭയങ്കര രസമുള്ള കാര്യമാണ്. ഇപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും തല്ലുകൂടുകയും കൡയാക്കുകയുമൊക്കെ ചെയ്യുമെങ്കിലും ഞങ്ങള്‍ ഒരുമിച്ചിട്ടുണ്ട്. അത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്.” എന്നും ടൊവിനോ പറയുന്നുണ്ട്.

2014 ലാണ് ടൊവിനോയും ലിഡിയയും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴായി പങ്കുവെക്കാറുണ്ട്.

അതേസമയം അജയന്റെ രണ്ടാം മോഷണം ആണ് ടൊവിനോയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ഐഡന്റിറ്റിയാണ് പുതിയ സിനിമ. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സിനിമയില്‍ തൃഷ, വിനയ് റായ്, അര്‍ച്ചന കവി, റെബ മോണിക്ക ജോണ്‍, അജു വര്‍ഗ്ഗീസ് തുടങ്ങി താരങ്ങളും അഭിനയിക്കുന്നുണ്ട്. ജനുവരി 2 നാണ് സിനിമയുടെ റിലീസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker