ഇടുക്കി: ഇടുക്കിയിൽ മൊബൈൽ ഫോണിൽ ഫേസ്ബുക്ക് ലൈവ് ചെയ്ത് ഇരുചക്ര വാഹനം ഓടിച്ചയാളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇയാളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഇടുക്കി നായരുപാറ സ്വദേശി പുത്തൻപുരയിൽ പി ആർ വിഷ്ണുവാണ് തന്‍റെ മോട്ടോർ ബൈക്കിൽ സഞ്ചരിച്ച് കൊണ്ട് ഫേസ്ബുക്ക് ലൈവ് ചെയ്തത്. ഡിടിപിസിയുടെ പൈനാവ് ഹിൽവ്യൂ പാർക്കിലെ താത്കാലിക ജീവനക്കാരനാണ് വിഷ്ണു.
ചെറുതോണി പമ്പിലെത്തിയപ്പോൾ പെട്രോൾ ഇല്ലാതിരുന്നതിനെ സംബന്ധിച്ചായിരുന്നു ലൈവ്. ചെറുതോണിയിൽ നിന്ന് പൈനാവിനുള്ള വഴിയിലൂടെയാണ് വാഹനം ഓടിച്ചത്. ഷാജി പാപ്പൻ എന്ന ഫേസ്ബുക്ക് പേജിലാണ് ലൈവ് ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഇടുക്കി ആർടിഒ ആർ രമണൻ വിഷ്ണുവിനെ വിളിച്ചു വരുത്തി വിശീദികരണം തേടിയ ശേഷമാണ് നടപടി എടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മൂന്നു മാസത്തേക്ക് ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു.
22 മുതൽ മൂന്ന് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യസേവനം നടത്താനും നിർദ്ദേശിച്ചു. ഇതോടൊപ്പം ഡ്രൈവർമാരെ നേർപാതയിലാക്കുന്ന മോട്ടോർ വാഹന വകുപ്പിന്‍റെ കീഴിലുള്ള ഇടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് ആൻറ് റിസർച്ച് സെൻററിൽ പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റുകളിൽ ക്യാമറ ഘടിപ്പിക്കുന്നത് വിലക്കി മോട്ടോർ വാഹന വകുപ്പിറക്കിയ ഉത്തരവ് ഏറെ വിവാദമായ സാഹചര്യമാണ്. ഹെൽമെറ്റില്‍ കൃത്രിമമായി ക്യാമറ ഘടിപ്പിച്ചാൽ നിയമ വിരുദ്ധമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.
കമ്പനികളിൽ തന്നെ ക്യാമറ ഘടിപ്പിച്ച് വരുന്ന ഹെൽമറ്റുകൾ ഉപയോഗിക്കാം. ഹെല്‍മറ്റില്‍ തന്നെ ക്യാമറ വയ്ക്കണമമെന്ന് എന്തിനാണ് വാശി. ഉദ്യോഗസ്ഥരുടെ ചട്ടലംഘനം കണ്ടെത്താനാണെങ്കില്‍ വസ്ത്രത്തിലോ മറ്റെവിടെയെങ്കിലുമോ വെച്ചു കൂടേയെന്നും മന്ത്രി ചോദിച്ചു. ഹെൽമറ്റുകളുടെ ഘടനയിൽ വരുത്തുന്ന മാറ്റം അപകടങ്ങൾ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്.
ഹെൽമെറ്റുകളിൽ ക്യാമറ ഘടിപ്പിച്ചത് കണ്ടെത്തിയാൽ 1000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. ആവശ്യമെങ്കിൽ മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കാനും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകി. അടുത്തിടെ ഉണ്ടായ അപകടങ്ങളിൽ ക്യാമറ വച്ച ഹെൽമറ്റ് ധരിച്ചവർക്ക് പരിക്കേൽക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.