കൊച്ചി ∙ സംസ്ഥാനത്ത് ജിംനേഷ്യം നടത്തിപ്പിന് ലൈസൻസ് നിർബന്ധമാക്കുന്നു. ജിംനേഷ്യങ്ങൾ മൂന്നു മാസത്തിനുള്ളിൽ ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആളുകളെ ആകർഷിക്കുന്ന തരത്തിലും നിയമപരവുമായിരിക്കണം ജിംനേഷ്യങ്ങളുടെ പ്രവർത്തനമെന്നും ഹൈക്കോടതി നിർദേശിച്ചു.
1963ലെ കേരള പബ്ലിക് റിസോർട്ട് നിയമപ്രകാരം സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങളും ലൈസൻസ് എടുക്കണമെന്നാണു ഹൈക്കോടതിയുടെ ഉത്തരവ്. ജിംനേഷ്യങ്ങൾ തുടങ്ങുന്നതിനും പ്രവർത്തിക്കുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ജിംനേഷ്യങ്ങൾക്കു തദ്ദേശസ്ഥാപനങ്ങൾ നോട്ടിസ് നൽകണം. നോട്ടിസ് ലഭിച്ച് മൂന്നു മാസത്തിനകം ഇത്തരം സ്ഥാപനങ്ങൾ ലൈസൻസ് സ്വന്തമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രായഭേദമെന്യേ ഏവർക്കും ദേവാലയങ്ങൾ പോലെയായി ജിംനേഷ്യങ്ങൾ മാറിക്കഴിഞ്ഞെന്നു ഹൈക്കോടതി പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള മാറ്റത്തിന്റെ തെളിവാണിത്. അതുകൊണ്ടുതന്നെ അവിടുത്തെ അന്തരീക്ഷം ആളുകളെ ആകർഷിക്കുന്നതായിരിക്കണം. നിയമപരമായി ഇവ പ്രവർത്തിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.
ജിംനേഷ്യങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട രണ്ടു ഹർജികളിലാണു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. നേരത്തേ ഹർജി പരിഗണിക്കവെ സംസ്ഥാനത്തു ലൈസൻസ് ഇല്ലാതെയാണു ഭൂരിഭാഗം ജിംനേഷ്യങ്ങളും പ്രവർത്തിക്കുന്നതെന്നു സംസ്ഥാന സർക്കാർ വിശദീകരണം നൽകിയിരുന്നു.