24.7 C
Kottayam
Sunday, May 19, 2024

‘കത്ത് കണ്ടിട്ടില്ല’: കത്തു വിവാദത്തിൽ ആനാവൂരിന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Must read

തിരുവനന്തപുരം∙ താൽക്കാലിക നിയമനങ്ങളിലേക്ക് പാർട്ടിക്കാരെ നിർദേശിക്കാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ കത്ത് അയച്ചെന്ന ആരോപണത്തിൽ, ക്രൈംബ്രാഞ്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴിയെടുത്തു. നായനാർ ചാരിറ്റബിൾ ട്രസ്റ്റിൽ ബുധനാഴ്ച രാത്രിയാണ് മൊഴി രേഖപ്പെടുത്തിയത്. മേയർ അയച്ചെന്ന് ആരോപിക്കപ്പെടുന്ന കത്ത് കണ്ടിട്ടില്ലെന്ന് ആനാവൂർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി.

സംഭവത്തിൽ പാർട്ടി അന്വേഷണം ഉടനുണ്ടാകുമെന്ന് ആനാവൂർ പറഞ്ഞു. ‘‘ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നൽകി. നിയമനക്കത്ത് വിവാദത്തിൽ പാർട്ടി അന്വേഷണം ഉടനുണ്ടാകും. പൊലീസിന് കൊടുത്ത മൊഴി മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. കത്ത് വ്യാജമാണെന്ന് മേയർ പറ‍ഞ്ഞിട്ടുണ്ട്. കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ.അനിലിന്റെ കത്തും പാർട്ടി അന്വേഷിക്കും. പാർട്ടി അന്വേഷണത്തിന് അതിന്റേതായ സംവിധാനമുണ്ട്’’– അദ്ദേഹം പറഞ്ഞു. 

കോര്‍പറേഷനിലെ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ ലിസ്റ്റ് ചോദിച്ച് മേയർ, ആനാവൂരിന് കത്തയച്ചെന്നാണ് ആരോപണം. മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നേരത്തേ ആനാവൂർ നാഗപ്പന്റെ സമയം തേടിയിരുന്നു. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും സമയം ഉടൻ അനുവദിക്കാമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു.

തന്‍റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്താണ് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്പി എസ്.മധുസൂദനന്‍റെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ ആണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വിജിലൻസും പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week