ന്യൂയോർക്ക്: യു.എസ് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം സെറീന വില്യംസ് മൂന്നാം റൗണ്ടിൽ പുറത്ത്. വനിതാ സിംഗിൾസിൽ ഓസ്ട്രേലിയയുടെ അയ്‌ല ടോമിയാനോവിച്ചിനോടാണ് താരം തോൽവി സമ്മതിച്ചത്. 7–5, 6–7, 6–1 എന്ന സ്കോറിനാണ് സെറീനയുടെ തോൽവി.
സെറീനയുടെ അവസാന ഗ്രാൻസ്‌ലാം ടൂർണമെന്റായിരുന്ന് ഇത്. യു.എസ് ഓപ്പണിനു ശേഷം വിരമിക്കുമെന്ന് താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു. 27 വർഷത്തെ കരിയറിൽ 23 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സെറീന നേടിയിട്ടുണ്ട്.
അതേസമയം, ഗ്രാൻഡ് സ്ലാം ഡബിൾസിൽ സെറീന– വീനസ് വില്യംസ് സഖ്യം കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ആദ്യ റൗണ്ടിൽ ചെക്ക് ജോഡി ലൂസി ഹ്രഡേക്ക- ലിൻഡ നൊസ്ക്കോവ സഖ്യത്തോടാണ് ഇവർ പൊരുതി തോറ്റത്. ആദ്യ സെറ്റിൽ കടുത്ത പോരാട്ടം നടത്തിയ ശേഷം ടൈബ്രേക്കറിലാണ് 42കാരിയായ വീനസും 40 കാരിയായ സെറീനയും കീഴടങ്ങിയത് (6/7). അടുത്ത സെറ്റ് 6-4ന് സ്വന്തമാക്കി ചെക്ക് ജോഡി വിജയം സ്വന്തമാക്കി.
2018ന് ശേഷം ആദ്യമായാണ് സെറീനയും വീനസും ഡബിൾസിൽ ഒരുമിച്ച് മത്സരിക്കുന്നത്. 14 ഗ്രാൻസ്‌ലാം കിരീടങ്ങളും 3 ഒളിമ്പിക് സ്വർണ മെഡലുകളും സെറീന - വീനസ് സഖ്യം നേരത്തേ സ്വന്തമാക്കിയിട്ടുണ്ട്. വൈൽഡ് കാർഡിലൂടെയാണ് ഇത്തവണ യു.എസ് ഓപ്പൺ ഡബിൾസിന് ഇരുവരും ഇറങ്ങിയത്.