ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച പ്രമുഖ മരുന്ന് കമ്പനിയായ ആസ്ട്രാസെനെക്ക ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് വക്കീല്‍ നോട്ടീസ് അയച്ചു. ആസ്ട്രാസെനെക്ക വികസിപ്പിച്ച വാക്സിന്‍ കോവിഷീല്‍ഡ് എന്ന പേരില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വിതരണം ചെയ്യുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. വാക്സിന്‍ വിതരണത്തില്‍ കാലതാമസം വരുത്തിയതിനാണ് ആസ്ട്രാസെനെക്ക നോട്ടീസ് അയച്ചതെന്ന് സിറം കമ്പനി മേധാവി അദര്‍ പൂനാവാല സ്ഥിരീകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ലോകമെമ്പാടുമുള്ള വാക്സിന്‍ വിതരണത്തില്‍ മുഖ്യ വിതരണക്കാരന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഇന്ത്യയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായതോടെ, ആഭ്യന്തരവിപണിയില്‍ ആവശ്യകത വര്‍ധിച്ചു. ഉല്‍പ്പാദിപ്പിച്ച വാക്സിന്‍ ഇന്ത്യയില്‍ വിതരണത്തിന് നല്‍കേണ്ടി വന്നു. ഇതുമൂലം ആഗോളതലത്തില്‍ വാക്സിന്‍ വിതരണത്തിന് കാലതാമസം വന്നതാണ് ആസ്ട്രാസെനെക്കയുടെ നോട്ടീസിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 9 കോടി ഡോസ് വാക്സിന്‍ വിതരണമാണ് തടസ്സപ്പെട്ടത്.
വക്കീല്‍ നോട്ടീസിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ അദര്‍ പൂനാവാല തയ്യാറായില്ല. നിയമപരമായ തര്‍ക്കം പരിഹരിക്കുന്നതിന് എല്ലാവഴികളും തേടും. ഇന്ത്യയില്‍ ആവശ്യകത വര്‍ധിച്ചത് മൂലം കരാര്‍ പ്രകാരമുള്ള ആഗോള തലത്തിലെ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം കേന്ദ്രസര്‍ക്കാരിനും അറിയാം. പ്രശ്നം പരിഹരിക്കാന്‍ എന്തുചെയ്യാന്‍ സാധിക്കുമെന്നതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറഞ്ഞാല്‍ ജൂണോടെ കയറ്റുമതി പുനരാരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി അറിയിച്ചു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധ വര്‍ധിക്കുകയാണ്. കൊവിഡ് രോഗബാധയില്‍ തുടര്‍ച്ചയായ വര്‍ധനയാണ് കണ്ടുവരുന്നത്. കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം രൂക്ഷമാവുകയാണ്. യുപിയിലെ ലക്നൗവില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ചേരും. മഹാരാഷ്ട്രയില്‍ 59,907 പോസിറ്റീവ് കേസുകളും 332 മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 6976, ഉത്തര്‍പ്രദേശില്‍ 6023, ഡല്‍ഹിയില്‍ 5506, മധ്യപ്രദേശില്‍ 4043 പുതിയ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ചെറുപ്പക്കാരെയും കുട്ടികളെയുമാണ് കൂടുതലായും ബാധിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയുമാണ് രോഗം പെട്ടെന്ന് ബാധിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗത്തില്‍ ഇതിനു മാറ്റംവന്നിരിക്കുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്.
അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലായി 79,688 കുട്ടികള്‍ക്കാണ് രോഗം ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നില്ല. യു.കെയില്‍ കുട്ടികള്‍ക്ക് ആസ്ട്രാസെനെക്ക വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ ആസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിച്ച് മരണം ഉണ്ടായതായി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടികളിലെ വാക്‌സിനേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.
മഹാരാഷ്ട്രയില്‍ മാര്‍ച്ച് ഒന്നിനും ഏപ്രില്‍ നാലിനും ഇടയില്‍ 60,684 കുട്ടികള്‍ക്ക് കൊവിഡ് ബാധിച്ചിരിന്നു. ഈ കുട്ടികളില്‍ 9,882 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. ഛത്തീസ്ഗഡില്‍ 5,940 കുട്ടികളെയാണ് രോഗം ബാധിച്ചത്. അവരില്‍ 922 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. കര്‍ണാടകയില്‍ 7,327 ഉം 871 ഉം ആണ്. ഉത്തര്‍പ്രദേശില്‍ 3,004 കുട്ടികള്‍ രോഗബാധിതരാണ്. 471 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 2,733 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചു. ഇതില്‍ 441 പേര്‍ അഞ്ച് വയസിന് താഴെയുള്ളവരാണ്. കുട്ടികളില്‍ പ്രതിരോധ ശേഷി കുറവായതിനാലും മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയവ കൃത്യമായി പാലിക്കാന്‍ കഴിയാത്തതും കോവിഡ് വേഗം ബാധിക്കാന്‍ ഇടയാക്കുന്നു. വകഭേദംവന്ന വൈറസ് വളരെ വേഗം പടരുന്നവയാണ്. മാത്രമല്ല അവ സൂപ്പര്‍ സ്‌പ്രെഡറുകളായി മാറുകയും ചെയ്യുന്നു.