KeralaNews

ഇഡി അന്വേഷണം:ലീഗിൽ പൊട്ടിത്തെറി,കുഞ്ഞാലിക്കുട്ടിക്കെതിരെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുയിന്‍ അലി

മലപ്പുറം:എന്‍ഫോഴ്സ്മെന്റ് അന്വേഷണക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീ​ഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുയിന്‍ അലി.

ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുയിന്‍ അലിയുടെ രൂക്ഷ വിമര്‍ശനം.

കഴിഞ്ഞ 40 വര്‍ഷമായി മുസ്ലീം ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയില്‍ മാത്രം കേന്ദ്രീകരിക്കുകയാണെന്നും മുയിന്‍ അലി തുറന്നടിച്ചു.കുഞ്ഞാലിക്കുട്ടിയെ പേടിച്ച്‌ എല്ലാവരും മിണ്ടാതിരിക്കുകയാണ്.

ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടറായ ഷമീര്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ്.
ഷമീര്‍ ചന്ദ്രികയില്‍ വരുന്നതു പോലും താന്‍ കണ്ടിട്ടില്ല.ഇത്തരത്തിലുള്ള കെടുകാര്യസ്ഥതയാണ് 12 കോടിയുടെ ബാധ്യതയിലേക്ക് വരെ എത്തിച്ചത്. എന്നിട്ടും ഫിനാന്‍സ് ഡയറക്ടറെ സസ്‌പെന്‍സ് ചെയ്യാനുള്ള നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

ചന്ദ്രികയുടെ അഭിഭാഷകന്‍ മുഹമ്മദ് ഷാ വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുയിന്‍ അലി കുഞ്ഞാലിക്കുട്ടിക്കെതിരേ തുറന്നടിച്ചത്.അതേസമയം കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചതോടെ വാര്‍ത്താ സമ്മേളനത്തിനിടെ മുയിന്‍ അലിക്കെതിരേ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഇതോടെ വാര്‍ത്താ സമ്മേളനം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button