തൊടുപുഴ: അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്നാവശ്യവുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. ഇടത് സ്ഥാനാർഥിയായി മത്സരിച്ച ശേഷം കൂറുമാറി എൽഡിഎഫിനൊപ്പം ചേർന്ന് പഞ്ചായത്ത് പ്രസിഡന്റായെന്നാണ് ആരോപണം.
എന്നാൽ കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു. എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.
ഇരുപത്തൊന്നംഗങ്ങളില്‍ പതിനൊന്നംഗങ്ങളുടെ പിന്തുണ സനിതാ സജിക്ക് ലഭിച്ചു.എല്‍ ഡി എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷിജി ഷിബുവിന് 10 വോട്ടുകള്‍ ലഭിച്ചു.മുന്‍ പ്രസിഡന്റ് ഷേര്‍ളി മാത്യുവിനും വൈസ് പ്രസിഡന്റ് മേരി തോമസിനുമെതിരായി യുഡിഎഫ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയായിരുന്നു 21 അംഗ അടിമാലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ക്ക് നടന്നത്.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പുതിയ പ്രസിഡന്റിന്‍റെ പിന്തുണ ക്കൊപ്പം ഒരു സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി യു ഡി എഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിനായിരുന്നു അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭരണമുണ്ടായിരുന്നത്. 22 വയസുകാരിയായ സനിതയാണ് നിലവില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇടുക്കി ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റ്.