Kerala

മുഖ്യമന്ത്രിക്കെതിരെ സത്യവാങ്മൂലം: നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച് നടത്താനൊരുങ്ങി എൽഡിഎഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. ഇതിനെതിരെ കസ്റ്റംസ് ഓഫീസുകളിലേക്ക് നാളെ എൽഡിഎഫ് മാർച്ച് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. ജയിലിൽ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എൽ.ഡി.എഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താൻ കഴിയില്ലെന്ന് ബോധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉയർന്നുവരണമെന്നും എ.വിജയരാഘവൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നത്. ഇതിനെതിരെ ശനിയാഴ്ച തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കസ്റ്റംസ് മേഖലാ ഓഫീസുകളിലേക്ക് എൽ.ഡി.എഫ് പ്രവർത്തകർ മാർച്ച് നടത്തുമെന്ന് വിജയരാഘവൻ അറിയിച്ചു.

നേരത്തെ ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.എല്‍.ഡി.എഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവ് ബി.ജെ.പിയുടെ സമനില തെറ്റിച്ചെന്ന് വ്യക്തമാക്കുന്നതാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലമെന്ന് സിപിഎം സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഈ സര്‍ക്കാരിനുമുള്ള തിളക്കമേറിയ പ്രതിച്ഛായ ഇക്കൂട്ടരെ വിറളിപിടിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ ഭാഗമായി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്തവരായി കേന്ദ്രം ഭരിക്കുന്നവര്‍ മാറിയെന്നും വ്യക്തമാക്കുന്നതാണ് കസ്റ്റംസ് കൊടുത്ത പ്രസ്താവനയെന്ന് സി.പി.എം ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചരണ ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധ:പ്പതിച്ചിരിക്കുന്നു. ജനങ്ങള്‍ വിഡ്ഢികളാണെന്ന് കരുതരുത്. യു.ഡി.എഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന ഈ വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

പ്രതികളിലൊരാള്‍ കോടതിയില്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്. കഴിഞ്ഞ കുറച്ച് കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാനരഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സി.ബി.ഐയും ചെയ്യുന്നതെന്നും സിപി.എം പ്രസ്താവനയിൽ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker