ഡൽഹി:അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സ്വവര്‍ഗാനുരാഗിയായ മുതിര്‍ന്ന അഭിഭാഷകനെ (gay lawyer) ദില്ലി ഹൈക്കോടതി ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി (supreme court).
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടുന്ന മുതിര്‍ന്ന അഭിഭാഷകനായ സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊലീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചു.
സ്വവര്‍ഗാനുരാഗിയായ ഒരാള്‍ ജഡ്ജിയാവുകയോ? കഴിഞ്ഞ കുറേ കാലമായി ജുഡീഷ്യറിയില്‍ പുകയുന്ന ചോദ്യമായിരുന്നു. സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി വിധി പറഞ്ഞിട്ടും അത് അംഗീകരിക്കുന്നതില്‍ പരമോന്നത രീതി പീഠത്തില്‍ തന്നെ രണ്ട് മനസ്സായിരുന്നു. ഒടുവില്‍ അനിശ്ചിതത്വങ്ങള്‍ അവസാനിപ്പിച്ച് വര്‍ഷങ്ങള്‍ വൈകിയെങ്കിലും സുപ്രീംകോടതി കൊലീജിയം ഏകകണ്ഠമായി ആ തീരുമാനമെടുത്തു. മുതിര്‍ന്ന അഭിഭാഷനായ സൗരഭ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് അയച്ചു
2017 ഒക്ടോബറില്‍ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗീത മിത്തലാണ് വിദേശിയായ സ്വവര്‍ഗ്ഗ പങ്കാളിക്കൊപ്പം ജീവിക്കുന്ന സൗരഭ് കൃപാലിന്‍റെ പേര് ആദ്യം ശുപാര്‍ശ ചെയ്യുന്നത്. തീരുമാനം അന്ന് സുപ്രീംകോടതി മാറ്റിവെച്ചു. പിന്നീട് ഇതേ വിഷയം 2019ല്‍ രണ്ട് തവണ കൊലിജിയത്തിന് മുന്നില്‍ വന്നു. ചീഫ് ജസ്റ്റിസായി എത്തിയ ജസ്റ്റിസ് എസ് എ ബോബ്ഡെ നിയമനത്തില്‍ വ്യക്തമായ നിലപാട് തേടി കേന്ദ്രത്തിന് കത്തയച്ചു.
സൗരഭ് കൃപാലിന്‍റെ പങ്കാളി വിദേശിയായതിനാലുള്ള സുരക്ഷ പ്രശ്നം എന്ന റിപ്പോര്‍ട്ടുകളാണ് പിന്നീട് പുറത്തുവന്നത്. അതല്ല തന്‍റെ ലൈംഗിക താല്പര്യം തന്നെയാണ് തടസ്സമെന്ന് സൗരഭ് കൃപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ നേതൃത്വത്തിലുള്ള കൊലീജിയം ഇപ്പോഴെടുത്ത തീരുമാനത്തിലൂടെ നിയമതടസ്സമില്ലാതിരുന്നിട്ടും സ്വവര്‍ഗാനുരാഗികള്‍ക്ക് സാമൂഹം തീര്‍ത്ത വിലക്കുകൂടിയാണ് സുപ്രീംകോടതി മറികടക്കുന്നത്.