ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ചൊവ്വാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി സുപ്രീംകോടതി. പിണറായി വിജയൻ ഉൾപ്പടെ മൂന്നു പേർ വിചാരണ നേരിടേണ്ടതില്ല എന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നൽകിയ ഹർജിയാണ് സുപ്രീം കോടതിയിലെത്തിയിട്ടുള്ളത്.
നിലവിലെ പ്രതികൾ നൽകിയ അപ്പീലും കക്ഷി ചേരാനുള്ള വി.എം.സുധീരന്റെ അപേക്ഷയും ഉൾപ്പെടെ ആകെ അഞ്ചു ഹർജികളാണ് സുപ്രീം കോടതി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മണിക്ക് രണ്ടാമത്തെ കേസായാണ് ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിലെ നടപടികൾ പൂർത്തിയായാലേ മറ്റു കേസുകൾ പരിഗണിക്കൂ എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നത്.