കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്കെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ലത്തീൻ അതിരൂപത മുഖപത്രം ജീവനാദം. ഇടുക്കി രൂപത തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നാണ് മുഖപത്രം പറയുന്നത്. ക്രൈസ്തവരെ മുസ്ലീം വിരോധികളാക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമം നടക്കുന്നുവെന്നും ഇവർക്ക് ബൈബിളിനേക്കാൾ വലുത് വിചാരധാരയെന്ന് തോന്നുമെന്നും പത്രം വിമർശിക്കുന്നു.
ഇടുക്കി രൂപത സൺഡേ സ്കൂളുകളിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. പള്ളികളിലെ ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായായിരുന്നു വിവാദ ചിത്രത്തിന്റെ പ്രദര്‍ശനം. കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു വിശദീകരണമെങ്കിലും രൂപതയുടെ നടപടി വലിയ വിവാദത്തിലാണ് എത്തിച്ചേർന്നത്.
ഈ മാസം 2,3,4 തീയതികളിലാണ് ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റന്‍സീവ് കോഴ്‌സ് സംഘടിപ്പിച്ചത്. ഇതില്‍ 10,11,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് വിവാദ ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനിടെ എറണാകുളം-അങ്കമാലി അതിരൂപത മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെൻ്ററി പ്രദർശിപ്പിച്ചിരുന്നു.
ഇൻ്റൻസീവ് ബൈബിൾ കോഴ്സിൻ്റെ ഭാഗമായാണ് പ്രദർശനം. ‘ദ ക്രൈ ഓഫ് ദ ഒപ്രസ്ഡ്’ എന്ന ഡോക്യുമെന്ററിയാണ് പ്രദർശിപ്പിച്ചത്. എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള സാൻജോപുരം പള്ളിയിലായിരുന്നു പ്രദർശനം.