EntertainmentKeralaNews

ആദ്യ ബന്ധമായിരുന്നു നല്ലതെന്ന് പിന്നീട് തോന്നും; എടുത്ത് ചാടി ഡിവോഴ്‌സ് ചെയ്തതിനെ കുറിച്ച് ആര്യ

കൊച്ചി:നടിയും അവതാരകയുമായി മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് ആര്യ. ബഡായ് ബംഗ്ലാവിലെ പ്രകടനമാണ് ആര്യയെ പ്രശസ്തിയിലേക്ക് എത്തിച്ചത്. ഇതേ ഷോ യിലൂടെ ജനങ്ങളുടെ മനസില്‍ സ്ഥാനം നേടാനും ആര്യയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ പോയതോട് കൂടിയാണ് ആര്യയുടെ പേരിലേക്ക് മറ്റ് ചിലത് കൂടി എത്തുന്നത്.

ചിലര്‍ പാമ്പെന്നും ചിലര്‍ വിഷമെന്നുമൊക്കെ നടിയെ വിശേഷിപ്പിച്ച് തുടങ്ങി. ഇതൊക്കെ കേവലമൊരു തമാശ പോലെ മാത്രം കണ്ടാണ് ആര്യ സംസാരിക്കാറുള്ളത്. എന്നാല്‍ ചിന്തിക്കാതെ പ്രവര്‍ത്തിച്ചതിലൂടെ ജീവിതത്തില്‍ പലതും നഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് ആര്യ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ വിവാഹബന്ധത്തെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആര്യ പ്രണയത്തിലാവുന്നത്. അതൊരു സീരിയസ് പ്രണയമായിരുന്നത് കൊണ്ട് പതിനെട്ട് വയസായപ്പോഴെക്കും വിവാഹവും കഴിച്ചു. പിന്നാലെ ഒരു പെണ്‍കുഞ്ഞിന് ആര്യ ജന്മം കൊടുക്കുകയും ചെയ്തു. സന്തുഷ്ടമായൊരു ദാമ്പത്യ ജീവിതമായിരുന്നെങ്കിലും അത് പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. വര്‍ഷങ്ങളോളം പ്രണയിച്ചിരുന്നവര്‍ എട്ട് വര്‍ഷം കൊണ്ട് കുടുംബജീവിതം അവസാനിപ്പിച്ച് രണ്ട് വഴിയിലേക്ക് മാറി.

വിവാഹമോചനത്തെ കുറിച്ച് മുന്‍പ് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. ‘പങ്കാളിയോട് നമുക്കുള്ള വിശ്വാസവും പോസസീവ്‌നെസും ബന്ധങ്ങളിലെ പ്രധാന കണ്ണിയാണ്. എന്തും പങ്കുവെക്കാന്‍ സ്പെയ്സുള്ള ഇടങ്ങളില്‍ വിശ്വാസവും പോസസീവ്‌നെസും പ്രശ്‌നം ഉണ്ടാക്കില്ല. മാത്രമല്ല പരസ്പരം ഇഷ്ടപ്പെടുന്നവരാണെങ്കില്‍ നല്ലതിന് വേണ്ടി ചെറിയ പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍ക്കുകയും ചെയ്യുമെന്നും’, ആര്യ പറയുന്നു.

എന്നാല്‍ ബന്ധങ്ങളിലേക്ക് വാശിയും ഈഗോയും കയറുമ്പോഴാണ് പെട്ടെന്ന് പോയി ഡിവോഴ്‌സ് ചെയ്യുന്നത്. അത് കഴിഞ്ഞു കുറച്ച് കാലം സ്വാതന്ത്ര്യം കിട്ടിയതായിട്ടൊക്കെ തോന്നും. പക്ഷേ ഒറ്റപ്പെട്ട് പോവുകയാണെന്നൊരു പോയിന്റ് അതിന് ശേഷമാണ് ജീവിതത്തില്‍ ഉണ്ടാവുക. അങ്ങനൊരു സമയത്ത് വിവാഹമോചനം വേണ്ടായിരുന്നു എന്നോര്‍ത്ത് പശ്ചാത്തപിച്ചിട്ടുള്ള ആളാണ് ഞാനെന്ന് ആര്യ വ്യക്തമാക്കുന്നു.

അങ്ങനൊരു പശ്ചാത്താപം തോന്നിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയി. പെട്ടെന്നൊരു വാശി പുറത്തെടുക്കുന്ന തീരുമാനങ്ങള്‍ ആന മണ്ടത്തരങ്ങള്‍ ആണെന്ന് പിന്നീടാണ് നമുക്ക് മനസിലാവുകയുള്ളു. ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച് തുടങ്ങുമ്പോഴാണ് നമ്മള്‍ മറ്റൊരു ബന്ധത്തിന് വേണ്ടി ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ വരുന്ന ചിലരില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളില്‍ നിന്നും എത്രയോ ഭേദമായിരുന്നു മുന്‍പത്തെ ജീവിതമെന്ന് അതിലൂടെയും മനസിലാവും- ആര്യ കൂട്ടിച്ചേര്‍ത്തു.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം ആര്യ മറ്റൊരു പ്രണയത്തിലായിരുന്നു. ലിവിംഗ് റിലേഷന്‍ പോലെ ആയിരുന്നെങ്കിലും അദ്ദേഹം നടിയെ വഞ്ചിച്ചു. ആര്യ ബിഗ് ബോസില്‍ പോയതോട് കൂടിയാണ് പങ്കാളിയായി കൂടെയുണ്ടായിരുന്നയാള്‍ മറ്റൊരു ബന്ധത്തിലേക്ക് പോവുന്നത്. തിരിച്ച് വന്ന നടിയെ കാത്തിരുന്നത് ചില ദുരന്ത വാര്‍ത്തകളായിരുന്നു. ഇതോടെ മാനസികമായി തളര്‍ന്ന അവസ്ഥയിലേക്ക് താനെത്തിയെന്നും ആര്യ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button