തിരുവനന്തപുരം: സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും.
2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.
കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം.
പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു.
മുടങ്ങിക്കിടന്ന സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെന്‍ഷന്‍ വിതരണം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. ഒരു മാസത്തെ പെന്‍ഷന്‍ തുക നല്‍കുന്നതിനായി 900 കോടി രൂപ ധന വകുപ്പ് അനുവദിച്ചിട്ടുണ്ട്. പെന്‍ഷന്‍ നേരിട്ടു ലഭിക്കുന്നവര്‍ക്ക് തുക സഹകരണ സംഘം ജീവനക്കാര്‍ വീട്ടിലെത്തിച്ചു നല്‍കുകയാണ്.
രണ്ട് മാസത്തെ കുടിശ്ശികയില്‍ ഡിസംബര്‍ മാസത്തെ പെന്‍ഷന്‍ അനുവദിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയത്. സഹകരണ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്. 2000 കോടി വായ്പയ്ക്ക് ആവശ്യപ്പെട്ടതില്‍ ഒരുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാനാവശ്യമായ പണം മാത്രമാണ് ഇതുവരെ ലഭിച്ചത്.