അണുകുടുംബങ്ങള്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഇന്ത്യയില്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ കുടുംബവുമുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നായ മിസോറാമിലാണ് ഈ കുടുംബമുള്ളത്. എഴുപത്തിയഞ്ചുകാരനായ സിയോണയാണ് കുടുംബനാഥന്‍. 39 ഭാര്യമാരും 94 മക്കളും 14 മരുമക്കളും 33 പേരക്കുട്ടികളും അടങ്ങുന്നതാണ് കുടുംബം. ആകെ 180 പേര്‍.
നാലു നിലയുള്ള 100 മുറികളുള്ള ഒരു പടുകൂറ്റന്‍ വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഉറക്കം ഡോര്‍മിറ്ററി പോലുള്ള മുറികളിലാണ്. ബഹുഭാര്യാത്വം അനുവദിക്കുന്ന ഒരു സഭയും അദ്ദേഹം സ്വന്തമായി ഉണ്ടാക്കിയിട്ടുണ്ട്. സ്വന്തക്കാരെല്ലാം കൂടെയുള്ളതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു.
താന്‍ ദൈവത്തിന്റെ പ്രത്യേക പരിഗണനയുള്ളയാളാണെന്നാണ് സിയോണ്‍ കരുതുന്നത്. എല്ലാ കാര്യങ്ങളും നോക്കാന്‍ നിരവധി പേരുണ്ട്. 39 പേരുടെ ഭര്‍ത്താവാകാനും വലിയ കുടുംബത്തിന്റെ നാഥനാവാനും കഴിഞ്ഞത് ഭാഗ്യമാണെന്നാണ് കരുതുന്നത്. കുടുംബത്തിലെ എല്ലാ പുരുഷന്‍മാരും മരപ്പണിക്കാരാണ്. സര്‍ക്കാരില്‍ നിന്ന് സഹായമൊന്നും ആവശ്യമില്ല.
ഒരു വര്‍ഷത്തില്‍ പത്ത് വിവാഹം കഴിച്ച് സിയോണ്‍ നേരത്തേ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പുതുതലമുറയുടെ വസതി എന്നര്‍ത്ഥമുള്ള ഛുവാന്ദര്‍ റണ്‍ എന്നാണ് ഇവരുടെ വീട് അറിയപ്പെടുന്നത്. മീസോറാമിലെ ബക്ത്വാങ് ഗ്രാമത്തിലാണ് വീട്. വീടിനോട് ചേര്‍ന്നു തന്നെ സ്‌കൂളും മൈതാനവും മരപ്പണിശാലകളും നെല്‍പ്പാടങ്ങളും പച്ചക്കറി തോട്ടങ്ങളും കോഴി, പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളുമുണ്ട്.
ഇതൊക്കെയാണ് കുടുംബത്തിന്റെ വരുമാനമാര്‍ഗം. ഭക്ഷണ സമയം എല്ലാവര്‍ക്കും ഒന്നാണ്. സ്ത്രീകളാണ് ഭക്ഷണമുണ്ടാക്കുക. ഒരു നേരത്തെ ഭക്ഷണത്തിന് 30 കോഴികളും 132റാത്തല്‍ കിഴങ്ങും 220 റാത്തല്‍ അരിയുമാണ് വേണ്ടിവരുക. ഭക്ഷണം പറമ്പില്‍ വിറക് വെച്ചാണ് വേവിക്കുന്നത്. ഓരോ ദിവസവും കുന്നുകണക്കിന് വസ്ത്രമാണ് അലക്കാനുണ്ടാവുക. എല്ലാം കൈകൊണ്ടാണ് കഴുകുക. സിയോണയെ കുടുംബത്തില്‍ ‘കാ പ’ എന്നാണ് വിളിക്കുക. പിതാവ് എന്നര്‍ത്ഥം.
യേശുക്രിസ്തുവിനൊപ്പം ഒരു ദിവസം ലോകം ഭരിക്കുമെന്ന് വിശ്വസിക്കുന്ന കാന എന്ന സഭയുടെ പരമ്പരാഗത നേതാവാണ് സിയോണ. ബഹുഭാര്യാത്വം അനുവദിക്കുന്ന വിഭാഗമാണിത്. സിയോണയുടെ ഏറ്റവും പ്രായമുള്ള ഭാര്യ സത്ത്യാങ്കിയുടെ പ്രായം 71 ആണ്. 17 വയസിലാണ് ഇവരുടെ വിവാഹം നടന്നത്.
ജീവിതത്തില്‍ വിവാഹം കഴിക്കില്ലെന്നാണ് തീരുമാനിച്ചിരുന്നതെന്ന് സിയോണ പറയുന്നു. പിതാവിന് ഏഴു ഭാര്യമുണ്ടായിരുന്നു. ഇവരെയെല്ലാം നോക്കല്‍ പ്രയാസമായിരുന്നു. പിതാവിന് എപ്പോഴും സ്ത്രീകള്‍ക്കൊപ്പമാവുന്നത് ഇഷ്ടമായിരുന്നു. പക്ഷെ, എന്തു ചെയ്യാം ദൈവഹിതം മറ്റൊന്നായിരുന്നു. ഇപ്പോള്‍ ഭാര്യമാരുമൊത്ത് സമയം ചെലവഴിക്കുകയാണ് സിയോണ.
അവസാന വിവാഹം നടന്നിട്ട് അധികമായിട്ടില്ല. ആ വലിയ വീട്ടില്‍ സ്വന്തമായി സിയോണക്കു മാത്രം ഒരു മുറിയുണ്ട്. അവിടെ ഭാര്യമാര്‍ ഊഴമിട്ടു വരും. മറ്റു 100 മുറികളിലാണ് കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ ജീവിക്കുന്നത്.സിയോണക്കു സ്വന്തമായി ഡബിള്‍ ബെഡുണ്ട്. പക്ഷെ, ആ മുറിയില്‍ അല്ലാത്ത സമയങ്ങളില്‍ ഭാര്യമാര്‍ ഡോര്‍മിട്രറിയിലാണ് കഴിയുക. ഏറ്റവും പ്രായം കുറഞ്ഞ ഭാര്യമാരെ തന്റെ കിടപ്പു മുറിയുടെ അടുത്താണ് താമസിപ്പിക്കുന്നത്. പ്രായമുള്ള ഭാര്യമാര്‍ ആദ്യ നിലയിലും താമസിക്കുന്നു.
പകല്‍ സമയങ്ങളില്‍ ഏഴോ എട്ടോ ഭാര്യമാര്‍ കൂടെയുണ്ടാവുന്നത് ഇഷ്ടമാണ്. കൈയ്യും കാലും തിരുമ്മിക്കാനും മറ്റും പുള്ളിക്ക് ഭാര്യമാര്‍ വേണം. ഈ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ടയാളായ സിയോണക്കൊപ്പമാണ് എപ്പോഴും കൂടെയുണ്ടാവുകയെന്ന് ഒരു ഭാര്യയായ റിങ്കിമി പറയുന്നു. 11 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. സിയോണയെ പരിചരിക്കുന്നത് ദൈവത്തെ പരിചരിക്കുന്നതിന് തുല്യമാണ്. ഗ്രാമത്തിലെ ഏറ്റവും സുന്ദരനായ പുരുഷനാണ് സിയോണ.
തലമുടിയില്‍ എണ്ണ തേക്കാന്‍ തന്നെ മാത്രമേ വിളിക്കാറുള്ളൂയെന്ന് ഭാര്യയായ 37 കാരി ഗൈസുവാലി പറയുന്നു. 18 വര്‍ഷം മുമ്പാണ് ഗൈസുവാലിയെ സിയോണ വിവാഹം കഴിച്ചത്. രാവിലെ നടക്കാനിറങ്ങിയ സിയോണയുമായി ഒറ്റ നോട്ടത്തില്‍ പ്രണയത്തിലായി. തുടര്‍ന്ന് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിയോണ കത്തെഴുതി. വീട്ടിലെത്തി മാതാപിതാക്കളുടെ സമ്മതവും വാങ്ങി.
മാനവികതക്ക് മാതൃകയാണ് സിയോണയുടെ പ്രവൃത്തികളെന്ന് മൂത്തമകന്‍ പാര്‍ലിയാന പറയുന്നു. ദരിദ്രരും അനാഥകളുമായ സ്ത്രീകളെയാണ് അധികവും പിതാവ് വിവാഹം കഴിച്ചത്. വീട്ടിലെ സഹോദരീ-സഹോദരന്‍മാരുടെ എണ്ണമെടുപ്പ് ഒരു വന്‍ പണിയാണ്. പക്ഷെ, എല്ലാവരും സുരക്ഷിതമായ ജീവിതമാണ് നയിക്കുന്നത്.പ്രായമിത്രയായെങ്കിലും ഇനിയും വിവാഹം കഴിക്കാന്‍ സിയോണക്കു താല്‍പര്യമുണ്ട്. സഭയുടെ വികാസത്തിനായി അമേരിക്കയില്‍ പോലും പോയി വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു.