ബാലരാമപുരത്ത് റെയില്‍വെ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ബാലരാമപുരം: ബാലരാമപുരം ടണലിന് സമീപത്ത് റെയില്‍വെ ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണു. ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. സംഭവത്തെ തുടര്‍ന്ന് രണ്ട് മണക്കൂറോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 3.50 ന് നാഗര്‍കോവിന്‍ ഭാഗത്തു നിന്ന് വന്ന ഏറനാട് എക്‌സ്പ്രസ് ബാലരാമപുരത്ത് എത്തുമ്പോഴായിരുന്നു മണ്ണിടിച്ചില്‍. ബാലരാമപുരം റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ട് ഒരുകിലോമീറ്റര്‍ അപ്പുറത്ത് ട്രാക്കില്‍ മണ്ണ് മൂടിയിരിക്കുന്നത് കണ്ട് ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തിയതാണ് വന്‍ അപകടം ഒഴിവാക്കിയത്.
ഉടന്‍ തിരുവനന്തപുരം സെട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എത്തിയ എന്‍ജിനിയറിംഗ് വിഭാഗത്തിലെ തൊഴിലാളികള്‍ ഭാഗീകമായി മണ്ണ് മാറ്റി രാവിലെ ആറോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. വീണ്ടും മണ്ണിടിയാനുളള സാധ്യത മനസിലാക്കി കൂടുതല്‍ തൊഴിലാളികളെ എത്തിച്ച് ചാക്കുകളില്‍ മണ്ണ് നിറച്ച് ഭിത്തി കെട്ടി മണ്ണിടിച്ചില്‍ തടയാനിളള ശ്രമം തുടരുകയാണ്. ടണല്‍ ആയതിനാല്‍ ട്രെയിന്‍ വേഗത കുറച്ചതിനാലാണ് മണ്‍തിട്ട കാണാന്‍ സാധിച്ചതെന്ന് ട്രെയിനിലുണ്ടായിരുന്ന ലോക്കാ പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.